മുംബൈ: കൊറോണ പ്രോട്ടോകോൾ ലംഘിച്ചുവെന്ന് ആരോപിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി. മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ തനിക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ അണികളെ കാണാൻ ഉദ്ധവ് താക്കറെ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാണ് പരാതിയിലെ ആരോപണം.
മഹാരാഷ്‌ട്രയിൽ വീണ്ടും കൊറോണ വ്യാപനം ഉയരുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രവർത്തി. ഉദ്ധവ് കൊറോണ പോസിറ്റീവ് ആണെന്ന് ബുധനാഴ്ച സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക വസതിയിൽ നിന്ന് മാതോശ്രീയിലേക്കുളള യാത്രയിലാണ് ഉദ്ധവ് താക്കറെ തന്നെ കാണാനെത്തിയ അനുയായികളെ യാതൊരു സാമൂഹിക അകലവും പാലിക്കാതെ അഭിവാദ്യം ചെയ്തതും അടുത്തിടപഴകുകയും ചെയ്തത്.
മലബാർ ഹിൽ പോലീസ് സ്‌റ്റേഷനിൽ കാർ നിർത്തി പുറത്തിറങ്ങിയ ഉദ്ധവ് സ്ത്രീകൾ അടക്കമുളള അനുയായികളെ തൊട്ടടുത്ത് നിന്ന് അഭിവാദ്യം ചെയ്യുകയും അവർക്ക് ഹസ്തദാനം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗ ഓൺലൈനായി പരാതി നൽകിയത്.
രാജ്യത്ത് ഇപ്പോഴും കൊറോണ കേസുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്‌ട്ര. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 30 ലധികം എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ ഉദ്ധവ് സർക്കാർ രാഷ്‌ട്രീയ പ്രതിസന്ധി നേരിടുകയാണ്. രാജിവെയ്‌ക്കാൻ താൻ ഒരുക്കമാണെന്ന് ഉദ്ധവ് ഇന്നലെ വാർത്താസമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയുളള യാത്രയിലാണ് മുഖ്യമന്ത്രിയെ കാണാൻ ശിവസേന അനുയായികൾ എത്തിയത്.
Comments