ന്യൂഡൽഹി: ശതാബ്ദി വർഷത്തിലെ തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കാൻ ആർഎസ്എസ് അഖിലേന്ത്യാ നേതൃയോഗം രാജസ്ഥാനിൽ. ജൂലൈ 7,8,9 തിയതികളിൽ രാജസ്ഥാനിലെ ഝൂംഝുനുവിലാണ് പ്രാന്ത പ്രചാരക് ബൈഠക് നടക്കാനിരിക്കുന്നത്. അഖിലേന്ത്യാ പ്രചാർ പ്രമുഖ് സുനീൽ അംബേക്കറാണ് വിവരം നൽകിയത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്ത പ്രചാരകന്മാരുടെ ബൈഠക്ക് വരുന്ന മാസം 7,8,9 തിയതികളിൽ രാജസ്ഥാനിലെ ഝൂംഝുനുവിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസർകാര്യവാഹകന്മാരായ ഡോ.കൃഷ്ണഗോപാൽ,ഡോ.മൻമോഹൻ വൈദ്യ, സി.ആർ.മുകുന്ദ്, അരുൺകുമാർ, രാംദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുകയെന്ന് സുനീൽ അംബേക്കർ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന പ്രാന്ത പ്രചാരകന്മാർക്കൊപ്പം വിവിധക്ഷേത്ര സംഘടനകളുടെ അഖിലഭാരതീയ ചുമതലക്കാരും ബൈഠക്കിൽ പങ്കെടുക്കുമെന്നും സുനീൽ അംബേക്കർ അറിയിച്ചു.
സംഘടനാ സംബന്ധമായ വളർച്ചയുടെ വിശകലനവും 100-ാം വർഷമാകാനിരിക്കുന്ന 2025ൽ ഇന്ത്യയിലെമ്പാടും സംഘപ്രവർത്തനം എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിശാല ലക്ഷ്യങ്ങ ളുമാണ് യോഗത്തിൽ ചർച്ചയാവുക. അഖിലേന്ത്യാ ചുമതലക്കാർ എല്ലാ സംസ്ഥാനങ്ങളിലും യാത്രചെയ്തുകൊണ്ടുള്ള വിശദവും വിശാലവുമായ പ്രവർത്തന വികാസ പദ്ധതിയാണ് തയ്യാറാക്കുന്നതെന്നും സുനീൽ അംബേക്കർ പറഞ്ഞു.
Comments