മലപ്പുറം: വിദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. തലക്കടത്തൂർ സ്വദേശി പറമ്പത്ത് വീട്ടിൽ അമീറാണ് (29) തിരൂർ പോലീസിന്റെ പിടിയിലായത്. തിരൂർ, നിലമ്പൂർ സ്വദേശികളായ യുവാക്കളിൽ നിന്ന് പ്രതി അഞ്ച് ലക്ഷത്തോളം രൂപ വാങ്ങി വിസ നൽകാതെ ഒളിവിൽ പോവുകയായിരുന്നു.
തിരൂർ സ്വദേശിയുടെ പരാതിയിലാണ് പ്രതിയെ കഴിഞ്ഞ ദിവസം രാത്രി തലക്കടത്തൂരിൽ വെച്ച് പിടികൂടിയത്. തമിഴ്നാട്ടുകാരായ കൂട്ടുപ്രതികളുടെ സഹായത്തോടെയാണ് പ്രതി ആളുകളെ പറ്റിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഇയാൾ കൂടുതൽ ആളുകളെ ഇത്തരത്തിൽ വഞ്ചിച്ചിട്ടുണ്ടോ എന്നും കൂട്ടുപ്രതികൾക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments