ന്യൂഡല്‍ഹി: വ്യേമയാന റാങ്കിംഗ് കമ്പനി ആയ സ്കെട്രാക്സിന്റെ 2022ലെ വാര്‍ഷിക വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യയിലെ മികച്ചതും ദക്ഷിണ ഏഷ്യയിലെ വൃത്തിയുള്ളതുമായ വിമാനത്താവളമായി ഡല്‍ഹി ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തിരഞ്ഞെടുത്തു. മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങളും ഉള്‍പ്പെടുന്നു.
മികവിന്റെ പട്ടികയില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം 37ാം സ്ഥാനം പിടിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 45 ആയിരുന്നു. ബംഗളൂരു വിമാനത്താവളം 71 ല്‍ നിന്ന് 61ാം സ്ഥാനത്തേക്കും ഉയര്‍ന്നു.
ഹൈദരാബാദ് വിമാനത്താവളം 63ാം സ്ഥാനത്തും മുംബൈ വിമാനത്താവളം 65ാം സ്ഥാനത്തുമാണ്.
ലോകത്തെ മികച്ച ജീവനക്കാരുടെ സേവനത്തിനുള്ള പുരസ്കാരവും മികച്ച എയര്‍പോര്‍ട്ട് ഡൈനിംഗിനുള്ള പുരസ്കാരവും സിംഗപൂര്‍ ചാംഗി വിമാനത്താവളം കരസ്ഥമാക്കി. ഇസ്താന്‍ബുള്‍ വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് ഷോപ്പിംഗിനുള്ള പുരസ്കാരവും കുടുംബ സൗഹൃദ വിമാനത്താവളത്തിനുള്ള പുരസ്കാരവും ലഭിച്ചു.മികച്ച അഭിവൃത്തി കൈവരിച്ചതിന് റിയാദിലെ ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും പുരസ്കാരം ലഭിച്ചു.
ലോകത്തെ വൃത്തിയുള്ള വിമാനത്താവളത്തിനുള്ള പുരസ്കാരം ടോക്കിയോയിലെ ഹനേഡ എയര്‍പോര്‍ട്ടിനാണ്.ഏഷ്യയിലെ മികച്ച എയര്‍പോര്‍ട്ടും മികച്ച സ്വദേശീയമായ എയര്‍പോര്‍ട്ടും ഇതു തന്നെയാണ്. നഗോയയിലെ ചുബു സെന്‍ട്രെയര്‍ അന്താരാഷ്ട്ര വിമാനത്താവളമാണ് ലോകത്തിലെ മികച്ച പ്രദേശിക വിമാനത്താവളം.
ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ പ്രോസസിംഗിനുള്ള പുരസ്കാരം കോപന്‍ഹെഗന്‍ എയര്‍പോര്‍ട്ട് സ്വന്തമാക്കി. ലോകത്തിലെ മികച്ച വിമാനത്താവള സുരക്ഷയ്ക്കുള്ള പുരസ്കാരം സുറിച്ച് വിമാനത്താവളം വീണ്ടും കരസ്ഥമാക്കി.
1999ല്‍ ഉപഭോക്തൃ സംതൃപ്തി സര്‍വ്വേയിലൂടെയാണ് സ്കൈട്രാക്സ് കമ്പനി ആരംഭിച്ചത്. 22ാമത് അന്താരാഷ്ട്ര പുരസ്കാരമാണ് 2022 ല്‍ പ്രഖ്യാപിച്ചത്.
Comments