ന്യൂഡല്‍ഹി: രാജ്യത്തെ താല്‍ക്കാലിക തൊഴില്‍ സമ്പദ് വ്യവസ്ഥ 2030 ല്‍ 23.5 ദശലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് നീതി ആയോഗ്. ഈ വര്‍ഷം 7.7 ദശലക്ഷം പേര്‍ക്കാണ് ജോലി വാഗ്ദാനം ചെയ്തത്. ഈ റിപ്പോര്‍ട്ടിലാണ് ആദ്യമായി ഗിഗ് അഥവ താല്‍ക്കാലിക തൊഴിലാളികളുടെ എണ്ണം വ്യക്തമായി പറയുന്നത്.
2019-20 കാലഘട്ടത്തില്‍ ഗിഗ് തൊഴിലാളികളുടെ എണ്ണത്തില്‍ 6.8 ദശലക്ഷം വര്‍ദ്ധനയാണ് ഉണ്ടായത്. 2020-21 ല്‍ 7.7 ദശലക്ഷവും വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. ഇത് 2029-30 കാലഘട്ടത്തില്‍ 23.5 ദശലക്ഷമായി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ ആകെ തൊഴിലാളി സമൂഹത്തിന്റെ 4.1 ശതമാനവും ഗിഗ് തൊഴിലാളികള്‍ ആകുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. സെയില്‍സ് രംഗത്ത് 2.7 ദശലക്ഷം ഗിഗ് തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നു. ഗതാഗത മേഖലയില്‍ 1.3 ദശലക്ഷവും ഉല്പാദന മേഖലയില്‍ 0.6 ദശലക്ഷവും സാമ്പത്തിക മേഖലയില്‍ 0.6 ദശലക്ഷവും പേരും പ്രവൃത്തിക്കുന്നു.
റിപ്പോര്‍ട്ടില്‍ നൈപുണ്യത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലുകളെ തരം തിരിക്കുകയും ചെയ്തു.7.7 ദശലക്ഷം തൊഴിലുകളില്‍ 31 ശതമാനം തൊഴിലിനെ ലോ സ്കില്‍ പട്ടികയിലും 47 ശതമാനം തൊഴിലിനെ മീഡിയം സ്കില്‍ എന്നും 22 ശതമാനം തൊഴിലിനെ ഹൈ സ്കില്‍ പട്ടികയിലും ഉള്‍പ്പെടുത്തി.
താല്‍ക്കാലിക തൊഴില്‍ മേഖലയിലുള്ളവരുടെ കണക്കും തൊഴില്‍ മേഖലയെ വിശകലനം ചെയ്യാനുമായി സംഘടിപ്പിച്ച പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത് എന്ന് നീതി ആയോഗ് വൈസ് ചെയര്മാന് സുമന് ബേരി അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍, പരീശിലകര്‍, ഉന്നത സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി ചേര്‍ന്ന് ഗിഗ് മേഖലയില്‍ പുരോഗതി വരുത്തുമെന്ന് നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കാന്ത് വ്യക്തമാക്കി.
പരമ്പരാഗത തൊഴിലില്‍ നിന്നും വ്യത്യസ്തമായി നിശ്ചിത സമയപരിധിയില്‍ ചെയ്യുന്ന തൊഴിലിനെയാണ് ഗിഗ് എന്ന് പറയുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വെര്‍ച്വല്‍ അസിസ്റ്റന്റ്, ഫുഡ് ഡെലിവറിംഗ് തുടങ്ങിയ തൊഴിലുകള്‍ പോലെ സ്വതന്ത്രവും താല്‍ക്കാലികവുമായിരിക്കും ഇത്തരം തൊഴിലുകള്‍.
Comments