ആലപ്പുഴ : ആരോഗ്യ വകുപ്പിന്റ മിന്നൽ പരിശോധനയിൽ പത്തോളം സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഹോട്ടലുകളിലും ബേക്കറികളിലുമായി ആണ് പരിശോധന നടത്തിയത്. മലബാർ ഹോട്ടൽ,താജ്മഹൽ എന്നി ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇതിന് പുറമെ ഗവ.ടി.ഡി മെഡിക്കൽ കോളേജിലെ കാന്റീനും പഴകിയ ഭക്ഷണം പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ഹോട്ടലുകളിൽ നിന്ന് പഴകിയതും ഫ്രീസറിൽ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങളാണ് പിടിച്ചെടുത്തത്.ചില്ലിചിക്കൻ, ബീഫ് ,ഷവർമ എന്നിവ കണ്ടെടുത്ത് നശിപ്പിച്ചവയിൽ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. കറികൾക്കൊപ്പം നൽകുന്ന ഗ്രേവിയാണ് പഴകിയ നിലയിൽ മെഡിക്കൽ കോളേജ് കാന്റീനിൽ നിന്ന് പിടിച്ചെടുത്തത്.
കുറ്റം ആവർത്തിക്കാതിരിക്കാൻ സ്ഥാപനങ്ങൾക്ക് ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകി. കൂടാതെ പരിസരം വൃത്തിഹീനമായികണ്ട സ്ഥാപനങ്ങളിൽ അത് 24 മണിക്കൂറിനകം വൃത്തിയാക്കുന്നതിന് നിർദ്ദേശം നൽകി. എല്ലാ സ്ഥാപനങ്ങളും പഞ്ചായത്തിൽ നിന്നും ഹരിതകാർഡ് എടുക്കാനും നിർദ്ദേശിച്ചു.
Comments