ന്യൂഡല്‍ഹി: ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് അറിയിച്ച് ഊര്‍ജ്ജ മന്ത്രാലയവും ഒഎന്‍ജിസിയും.30 ലക്ഷം രൂപ വീതം നാലു പേരുടെ കുടുംബങ്ങള്‍ക്കാണ് നല്‍കുക. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചു. ഇപിഎഫ്, വിരമിക്കല്‍ ആനുകൂല്യ പദ്ധതികള്‍ തുടങ്ങിയവയും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഏഴ് യാത്രക്കാരും രണ്ട് പൈലറ്റും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അറേബ്യന്‍ കടലില്‍ പതിക്കുകയായിരുന്നു. മുംബൈ ഹൈയിലെ സാഗര്‍ കിരണ്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഒന്‍പത് പേരെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്ത് എത്തിച്ചിരുന്നു.നാല് പേര് അബോധാവസ്ഥയില്‍ ആയിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ നാലു പേരും മരിച്ചു.
മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് സംഭവം ഉണ്ടായത്. ലാന്‍ഡിംഗ് സോണില്‍ നിന്നും 1.5 കിലോമീറ്ററിന് ദൂരത്തിലാണ് ഹെലിക്കോപ്റ്റര്‍ കടലില്‍ പതിച്ചതെന്ന് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
Comments