തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വേട്ടയാടുകയാണെന്ന് മുൻ എംഎൽഎ പി.സി ജോർജ്. ഇതിന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയ്ക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജലീൽ കൊടുത്ത പരാതിയിൽ താൻ രണ്ടാം പ്രതിയാണ്. മുഖ്യമന്ത്രിയെ താഴെ ചാടിക്കാൻ താനും സ്വപ്നയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പരാതി. ഇതിൽ ചിരിവരുന്നു. തനിക്കെതിരെയെടുക്കുന്ന എത്രാമത്തെ കേസാണ്. രാജ്യത്തെ ഹിന്ദുവിനെയും മുസ്ലീമിനെയും ക്രിസ്ത്യാനിയെയും തമ്മിലടിപ്പിച്ചുവെന്നാണ് ഒരു കേസ്. എറണാകുളത്തും രജിസ്റ്റർ ചെയ്ത കേസ് ഇതുപോലെ തന്നെ. കോടതിയിൽ താനൊരു നഷ്ടപരിഹാരത്തിന് കേസ് കൊടുത്താൽ ആര് ഇത് തരും?. ഇതെല്ലാം താൻ ക്ഷമിക്കുന്നതാണ്. എന്തെന്നുവച്ചാൽ പൊതുപ്രവർത്തകൻ ആണ്. ഏഴ് പ്രാവശ്യം എംഎൽഎ ആയ ആളാണ് താൻ. ആ തന്നോട് ആണ് മുഖ്യമന്ത്രി ഈ വൃത്തികേട് കാണിക്കുന്നതെന്നും പി.സി ജോർജ് വ്യക്തമാക്കി.
തന്നെ നിരന്തരം വേട്ടയാടുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതികാരം ചെയ്യും. അതിൽ യാതൊരു സംശയവും ഇല്ല. മാന്യമായ പ്രതികാരം ആയിരിക്കും അത്. സത്യങ്ങൾ എന്താണെന്ന് പോലീസിനോട് താൻ വെളിപ്പെടുത്തും. ഭരിച്ച വകുപ്പുകളിലെല്ലാം അഴിമതി നടത്തിയ ആളാണ് പിണറായി വിജയൻ. അതിൽ ആർക്കും സംശയമില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി.
Comments