ആലപ്പുഴ : എകെജി സെന്ററിൽ പടക്കമെറിഞ്ഞതിനെതിരായി പ്രകോപന മുദ്രാവാക്യം മുഴക്കിയ അമ്പലപ്പുഴ എംഎൽഎ എച്ച് സലാമിനെതിരെ കേസ് എടുക്കാതെ പോലീസ്. തെളിവുകൾ സഹിതം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയിലാണ് പോലീസ് കേസെടുക്കാതെ മൗനം പാലിക്കുന്നത്. പോലീസ് ഏകപക്ഷീയമായി പ്രവർത്തിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
എച്ച് സലാം എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു അമ്പലപ്പുഴയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. കൈവെട്ടും കാൽവെട്ടും,തലവെട്ടി ചെങ്കൊടി കെട്ടും എന്നായിരുന്നു മുദ്രാവാക്യം. പിന്നാലെ പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം വിദ്വേഷം നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പരാതി നൽകുകയായിരുന്നു. എന്നാൽ അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിന് മാത്രമാണ് പോലീസ് കേസെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ബലത്തിലാണ് സലാം മുദ്രാവാക്യം അണികൾക്ക് വിളിച്ചു കൊടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ കേസ് എടുത്തിട്ടില്ല. യഥാർത്ഥത്തിൽ ഈ മുദ്രാവാക്യം വിളിച്ച എം.എൽ.എയുടെ പേരിൽ പരാതിയില്ലാതെ കേസ് എടുത്ത് അറസ്റ്റ് നടപ്പാക്കേണ്ടതാണ്. ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല, പോലീസ് മിണ്ടാതെ ഇരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എം പി ആരോപിച്ചു.
ഇവയ്‌ക്ക് പുറമെ ഇവിടെ ഇരട്ട നീതിയാണ് .സിപിഎം ഓഫീസിൽ ആരെങ്കിലും കല്ലെറിഞ്ഞാൽ അവനെ ഉടനടി അറസ്റ്റ് ചെയ്യും. കോൺഗ്രസുമായി ബന്ധപ്പെട്ട പ്രതിമകളോ , സ്ഥാപനങ്ങളോ നശിപ്പിച്ചാൽ കേസില്ലെന്നും അദ്ദേഹം ആരോപണത്തിൽ ഉന്നയിക്കുന്നു.
Comments