ന്യൂഡൽഹി : വളർത്തുനായ കുരച്ചതിനെ ചൊല്ലി അയൽവാസികളെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച് യുവാവ്. ഡൽഹിയിൽ പശ്ചിം വിഹാറിലാണ് സംഭവം. നായ കുരച്ചതിൽ ക്ഷോഭിച്ചാണ് യുവാവിന്റെ ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നട്ടുണ്ട്.
മദ്ധ്യവയസ്കനായ നായയുടെ ഉടമ വീടിന് പുറത്ത് നിന്ന് വിശ്രമിക്കുന്നതിനിടെയാണ് സംഭവം. അയൽക്കാരനായ യുവാവിനെ നോക്കി ഇയാളുടെ വളർത്തുനായ കുരയ്ക്കുകയായിരുന്നു. ഇതിൽ കുപിതനായ അയൽവാസി ഇരുമ്പ് വടി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നായയുടെ ഉടമയായ മദ്ധ്യവയസ്കനെ ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചതിന് ശേഷം ഇയാൾ നായയെ തലയ്ക്കടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അച്ഛന് നേരെ നടത്തിയ ആക്രമണം തടുക്കാൻ പോയ മകനെയും ഇയാൾ ആക്രമിച്ചു.
പകൽസമയത്തായിരുന്നു അയൽവാസിയുടെ ക്രൂരത. ഇയാളെ തടയാൻ ഭാര്യ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭാര്യയെ വടി ഉപയോഗിച്ച് മർദ്ദിക്കുകയും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്ത ശേഷമാണ് ഇയാൾ നായയ്ക്കും ഉടമയ്ക്കും നേരെ രോഷം തീർക്കാൻ എത്തിയത്.
ആക്രമണത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആക്രമണത്തിന് ഇരയായ നായയുടെ ഉടമ ആരോപിച്ചു.
Comments