ആറ്റിങ്ങൽ: പൊറോട്ടയ്ക്ക് വില കൂടുതലാണെന്ന് ആരോപിച്ച് നാലംഗ സംഘം ഹോട്ടലുടയുടെ തല അടിച്ച് പൊട്ടിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. മൂന്ന്മുക്ക് ബിഎൽ നിവാസിൽ ഹോട്ടൽ നടത്തുന്ന ഡിജോയ്ക്കാണ്(34) പരിക്കേറ്റത്. ഇദ്ദേഹത്തെ വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ പുലർച്ചെ 12.45ഓടെയായിരുന്നു സംഭവം. നാലംഗസംഘം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം ബിൽ നൽകി പോയി.
ശേഷം ഇവർ വീണ്ടും ഹോട്ടലിൽ തിരികെയെത്തി ബഹളമുണ്ടാക്കുകയായിരുന്നു. പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്ന് ആരോപിച്ചാണ് ഇവർ ഹോട്ടലിലെത്തി ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഇവരോട് കടയ്ക്ക് പുറത്തേക്ക് പോകാൻ ഡിജോയ് ആവശ്യപ്പെട്ടു. ഇതോടെ ഉന്തും തള്ളുമായി. പോലീസിനെ വിളിയ്ക്കാൻ ഡിജോയ് ശ്രമിച്ചതോടെ ഇവർ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു.
മറ്റൊരാൾ കടയിലിരുന്ന ട്രേയെടുത്ത് ഡിജോയുടെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടി. തുടർന്ന് കാറിലും ബൈക്കിലുമായി അക്രമികൾ രക്ഷപെടുകയും ചെയ്തു. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്തു. കാർ നമ്പർ പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
Comments