പാലക്കാട്: പോക്സോ കേസ് ഒഴിവാക്കാനായി പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് സിപിഎം നേതാക്കൾക്കെതിരെ നടപടി. പാലക്കാട് തരൂരിലെ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെയാണ് നടപടി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.വാസു, എസ്.രാജേഷ് എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
ട്യൂഷൻ സെന്ററിലെ അദ്ധ്യാപകനെതിരായ പോക്സോ കേസ് ഒഴിവാക്കുന്നതിന് പാർട്ടിയെ അറിയിക്കാതെ പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതാണ് ടി.വാസു, എസ്.രാജേഷ് എന്നിവർക്കെതിരായ പരാതി.പ്രതിയിൽ നിന്നും വൻതുക കൈപ്പറ്റി ഇരയ്ക്ക് തുച്ഛമായ തുക നൽകി കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
വിഷയം പാർട്ടി അന്വേഷിച്ച് ഏരിയ കമ്മിറ്റി അംഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നേതാക്കൾക്കെതിരെ നടപടി.അതേസമയം നടപടി വിശദീകരിക്കാൻ ചേർന്ന തരൂർ ലോക്കൽ കമ്മിറ്റി യോഗത്തിൽ വ്യക്തിവൈരാഗ്യം തീർക്കലാണ് സംഭവത്തിന് പിന്നിൽ എന്ന് ഒരു വിഭാഗം ആരോപിച്ചു.അതേസമയം വിഷയത്തിൽ തത്ക്കാലം പ്രതികരിക്കാനില്ലെന്ന് നടപടി നേരിട്ടവർ പറഞ്ഞു.
Comments