ന്യൂഡൽഹി: 2022 ലെ വലിയ ചാന്ദ്രവിസ്മയ ദർശനത്തിന് തയ്യാറെടുത്ത് ശാസ്ത്രലോകം. ചന്ദ്രൻ ഭൂമിയോട് അടുത്തുവരുന്ന സൂപ്പർമൂൺ പ്രതിഭാസം ജൂലൈ 13ന് ദൃശ്യമാകും. വരുന്ന ബുധനാഴ്ച ഭൂമിയിൽ നിന്ന് 3,57,264 കിലോമീറ്റർ അകലെ മാത്രമാകും ചന്ദ്രൻ. പൂർണചന്ദ്രബിംബം ദിവസങ്ങൾ നീണ്ട് നിൽക്കാൻ സാധ്യതയുള്ളതായി വിദഗ്ദ്ധർ വിലയിരുത്തുന്നു.
സൂപ്പർമൂൺ പ്രതിഭാസത്തിന്റെ അനന്തരഫലമായി കടലിൽ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സമയത്തെ തീരദേശകാറ്റ് വെള്ളപ്പൊക്കത്തിനും കാരണമാകാമെന്നും ജ്യോതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ജൂലൈ 13 ന് അർദ്ധരാത്രി 12.07 മുതൽ ചാന്ദ്രവിസ്മയം ദർശിക്കാൻ കഴിയും. 2023 ജൂലൈ 3 നാകും അടുത്ത സൂപ്പർമൂൺ ദൃശ്യമാകുക.
ജൂലൈ 13 ൽ ദൃശ്യമാകുന്ന സൂപ്പർമൂൺ ‘ബക്ക് മൂൺ’ എന്നാകും അറിയപ്പെടുക. മുട്ടനാടിന്റെ നെറ്റിയിൽ നിന്ന് ഉത്ഭവിക്കുന്ന കൊമ്പുകൾ പോലെ കാണപ്പെടുന്നത് കൊണ്ടാണ് ബക്ക് മൂൺ എന്ന് വിശേഷിപ്പിക്കുന്നത്.ചന്ദ്രൻ ഭൂമിയെ ഒരു ദീർഘവൃത്താകൃതിയിലാണ് ചുറ്റുന്നത്. ഈ ദീർഘവൃത്തത്തിലെ ഏറ്റവും ദൂരെയുള്ള അഗ്രത്തെ അപ്പോജി എന്ന് വിളിക്കുന്നു. സൂപ്പർമൂൺ ദിനത്തിൽ ഇത് ഭൂമിയിൽ നിന്ന് ശരാശരി 4,05,500 കിലോമീറ്റർ അകലെയായിരിക്കും.
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസമാണ് സൂപ്പർമൂൺ ദൃശ്യമാകുന്നത്. അന്നേ ദിവസം ചന്ദ്രന്റെ വലുപ്പമുള്ളതായും പ്രകാശമുള്ളതായും കാണപ്പെടും. ഈ പ്രതിഭാസത്തെ പെരിജി എന്നാണ് ജ്യോതിശാസ്ത്രത്തിൽ വിശേഷിപ്പിക്കുന്നത്. 1979 ൽ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് നോലെയാണ് സൂപ്പർമൂൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ചില സന്ദർഭങ്ങളിൽ ചന്ദ്രൻ ഭൂമിയുടെ 90 ശതമാനത്തോളം വരെ അടുത്ത് വരും.
Comments