ന്യൂഡൽഹി: ചൈനീസ് കമ്പനികൾക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് മാത്രം ഉപകരണങ്ങൾ വാങ്ങിയാൽ മതിയെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി. പുതുക്കിയ ലൈസൻസ് വ്യവസ്ഥകളിലാണ് മന്ത്രാലയം ഇക്കാര്യം നിഷ്കർഷിച്ചിരിക്കുന്നത്.
യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികളിൽ നിന്നും ഉപകരണങ്ങൾ വാങ്ങണമെങ്കിൽ ഇനി മുതൽ ടെലികോം കമ്പനികൾ നിർദ്ദിഷ്ട അധികൃതരിൽ നിന്നും അംഗീകാരം വാങ്ങണമെന്നും ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നു. ചൈനീസ് ടെലികോം ഉപകരണ നിർമ്മാണ കമ്പനികളെ കൃത്യമായി ഉന്നം വെച്ചുള്ളതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങളെന്ന് വാണിജ്യ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ചൈനീസ് ഫാക്ടറികളിൽ നിർമ്മിച്ച ടെലികോം ഉപകരണങ്ങൾ വാങ്ങാൻ ഉദ്പാദകർക്ക് നൽകിയിരുന്ന ഇളവുകൾ പിൻവലിക്കാൻ ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യത്ത് 5ജി നടപ്പിലാക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നതിനിടെ, ചൈനീസ് കമ്പനികളെ അക്ഷരാർത്ഥത്തിൽ പൂട്ടാനുള്ള നീക്കാമായാണ് പുതിയ തീരുമാനങ്ങൾ വിലയിരുത്തപ്പെടുന്നത്.
2020 ജൂൺ മാസത്തിലെ ഗാൽവൻ സംഘർഷങ്ങൾക്ക് ശേഷം, ചൈനീസ് സാങ്കേതിക ഉപകരണങ്ങളുടെ മേൽ കർശന നിരീക്ഷണമാണ് കേന്ദ്ര സർക്കാർ തുടരുന്നത്.















