ദുബായ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ 19 റൺസിന് 6 വിക്കറ്റ് വീഴ്‌ത്തി കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്ര വീണ്ടും ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തി. 2020 ഫെബ്രുവരി മാസത്തിന് ശേഷം ആദ്യമായാണ് ബൂമ്ര ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുന്നത്. ടെസ്റ്റ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് ബൂമ്ര. കപിൽ ദേവിന് ശേഷം ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യൻ പേസ് ബൗളറാണ് ബൂമ്ര.
ഇംഗ്ലണ്ടിനെതിരായ മത്സരത്തെ തുടർന്ന്, ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ റാങ്കിംഗിലും മുന്നേറ്റം ഉണ്ടായി. 31 റൺസിന് 3 വിക്കറ്റ് വീഴ്‌ത്തിയ ഷമിയുടെ റാങ്ക്, 26ൽ നിന്നും 23ലെത്തി.
ഏകദിന ബാറ്റിംഗ് റാങ്കിംഗിലും ഇന്ത്യൻ താരങ്ങൾ മുന്നേറ്റം നടത്തി. ക്യാപ്ടൻ രോഹിത് ശർമ്മ വിരാട് കോഹ്ലിയിൽ നിന്നും ഒരു റേറ്റിംഗ് പോയിന്റ് മാത്രം പിന്നിലായി നാലാം സ്ഥാനത്തെത്തി. ശിഖർ ധവാൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി 13ൽ നിന്നും 12ലെത്തി.
ട്വന്റി 20 റാങ്കിംഗിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് കരിയറിലെ ഏറ്റവും മികച്ച സ്ഥാനമായ 5ലെത്തി. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ നേടിയ 117 റൺസ് സൂര്യകുമാറിന്റെ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിൽ നിർണായകമായി.
Comments