ഇടുക്കി: ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 14ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ദേവികുളം താലൂക്ക് പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്സറികൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 14.07.2022 അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നാളെ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജിലകൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Comments