കോഴിക്കോട്: വനിതാ ഫിലിം ഫെസ്റ്റിവലിന്റെ വേദിയിൽ പ്രതിഷേധം. സംവിധായിക കുഞ്ഞില മാസിലാമണിയാണ് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച കുഞ്ഞിലയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഫിലിം ഫെസ്റ്റിവൽ വേദിയിൽ കയറിയിരുന്ന കുഞ്ഞിലയോട് അവിടെ നിന്നും മാറി ഇരിക്കാൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ, മാറാൻ കൂട്ടാക്കാതെ അവിടെ തന്നെ ഇരുന്ന കുഞ്ഞില, പോലീസിനോട് തന്നെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. പോലീസുകാരോട് തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നും അവർ പറഞ്ഞു.
ഇതോടെ കൂടുതൽ പോലീസുകാർ എത്തുകയും കുഞ്ഞില മാസിലാമണിയെ വേദിയിൽ നിന്നും എടുത്ത് മാറ്റുകയുമായിരുന്നു. ഇതോടെ അവർ മുഖ്യമന്ത്രിക്കും പോലീസിനും എതിരെ മുദ്രാവാക്യം വിളിച്ചു. കുഞ്ഞിലയുടെ സിനിമ ഫിലിം ഫെസ്റ്റിവലിന് തിരഞ്ഞെടുത്തില്ല എന്ന കാരണത്താലായിരുന്നു പ്രതിഷേധം.
ഫിലിം ഫെസ്റ്റിവലിന് കുഞ്ഞിലക്ക് ക്ഷണമുണ്ടായിരുന്നില്ല എന്നാണ് വിവരം. എന്നാൽ തനിക്ക് ഗസ്റ്റ് പാസ് വേണം എന്നായിരുന്നു കുഞ്ഞിലയുടെ ആവശ്യം. തന്നെ ഉദ്ഘാടന ചടങ്ങിൽ ഒരു അതിഥിയായി ഇരുത്തണം. പ്രസംഗിക്കാൻ അവസരം വേണം തുടങ്ങിയവയായിരുന്നു അവരുടെ ആവശ്യങ്ങൾ.















