ഇൻഡിഗോ കമ്പനിക്കെതിരായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നടത്തിയ പരാമർശത്തെ ട്രോളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മോഹൽലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടി ഒരുക്കിയ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കെ സുരേന്ദ്രന്റെ പരിഹാസം. ഈ വീഡിയോയ്ക്ക് സമകാലിക സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ ഉത്തരവാദിത്വം അവർക്കുമാത്രമായിരിക്കും എന്നും അദ്ദേഹം പറയുന്നുണ്ട്.
ചിത്രത്തിലെ കഥാപാത്രങ്ങളായ ദാസനെയും വിജയനെയും കമ്പനിയിൽ നിന്നും പുറത്താക്കുന്ന രംഗമാണ് പങ്കുവെച്ചിരിക്കുന്നത്. ”അല്ലെങ്കിലും ഈ തല്ലപ്പൊളി കമ്പനിയിലെ ജോലി ഞങ്ങളുടെ പ്രശ്നമല്ലെന്നും ഈ കമ്പനി ആറ് മാസത്തികനം പൊളിഞ്ഞ് നാറാണക്കല്ല് തെറിക്കും” എന്നും താരങ്ങൾ പറയുന്നത് കേൾക്കാം. ഇപി ജയരാജൻ ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ നടത്തിയ പരാമർശങ്ങളെ പരിഹസിച്ചായിരുന്നു ഇത്.
ഇപി ജയരാജന് ഇൻഡിഗോ വിമാനക്കമ്പനി യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു വിമർശനം. താൻ ഇനി ഈ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്നും ഇത് ഇത്ര നിലവാരമില്ലാത്ത കമ്പനിയാണെന്ന് താൻ മനസിലാക്കിയില്ലെന്നുമാണ് ജയരാജൻ പറയുന്നത്. ഇതൊരു വൃത്തികെട്ട നിലവാരമില്ലാത്ത കമ്പനിയാണെന്ന് താൻ മനസിലാക്കുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു.
Comments