കൊൽക്കത്ത: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ തുടരുന്ന മതമൗലികവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്ത് നൽകി. കഴിഞ്ഞ വെള്ളിയാഴ്ച ബംഗ്ലാദേശിന്റെ വിവിധയിടങ്ങളിൽ ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ കത്ത്.
ബംഗ്ലാദേശിലെ ഹിന്ദുക്കൾ നേരിടുന്ന പ്രശ്നങ്ങൾ നയതന്ത്രപരമായി പരിഹരിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കേണ്ടതുണ്ട്. നയതന്ത്രപരമായി ഇത് പരിഹരിക്കപ്പെടണം. ഹിന്ദുക്കൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ബംഗ്ലാദേശിനെ അറിയിക്കണം.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ മതമൗലികവാദികളാൽ തുടർച്ചയായി വേട്ടയാടപ്പെടുകയാണെന്നകാര്യം എല്ലാവർക്കും അറിയാം. മതതീവ്രവാദികളുടെ ആക്രമണത്തിൽ വിവിധ ഭാഗങ്ങളിലായി നിരവധി ഹിന്ദു ക്ഷേത്രങ്ങൾ, കടകൾ, വീടുകൾ എന്നിവയാണ് തകർക്കപ്പെട്ടതെന്നും കത്തിൽ വ്യക്തമാക്കുന്നു.
തുടർച്ചയായി ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളിൽ ഇതുവരെ സ്വതന്ത്ര അന്വേഷണം ഉണ്ടാകുകയോ, കൃത്യമായ അന്വേഷണം നടക്കുകയോ ചെയ്തിട്ടില്ല. സംഭവങ്ങളിൽ സമഗ്രമായ അന്വേഷണം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ലൊഹംഗര ഉപാസിലയിലായിരുന്നു ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം ഉണ്ടായത്. 18കാരനായ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയായിരുന്നു ആക്രമണം. വെള്ളിയാഴ്ച ഉച്ച പ്രാർത്ഥനയ്ക്ക് ശേഷം മതതീവ്രവാദികൾ സംഘടിച്ച് വ്യാപക ആക്രമണം നടത്തുകയായിരുന്നു.
Comments