ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് സ്നേഹ സമ്മാനമേകി ദിവ്യാംഗനായ ചിത്രകാരൻ. അസം സ്വദേശിയായ അഭിജീത്ത് ഗൊട്ടാനിയാണ് പ്രധാനമന്ത്രിയ്‌ക്ക് താൻ വരച്ച പെയിന്റിംഗ് സമ്മാനമായി നൽകിയത്. ജൻമനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത വ്യക്തിയാണ് അഭിജീത്ത്.
പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയായിരുന്നു അഭിജീത്ത് ചിത്രം കൈമാറിയത്. പ്രധാനമന്ത്രിയുടെ വിവിധ പ്രായങ്ങളിലുള്ള ചിത്രങ്ങൾ അടങ്ങിയ കൊളാഷ് രൂപത്തിലുള്ള പെയിന്റിംഗ് ആയിരുന്നു അഭിജീത്ത് കൈമാറിയത്. പ്രധാനമന്ത്രിയ്‌ക്ക് പെയിന്റിംഗ് സമ്മാനിച്ചതിലൂടെ തന്റെ വലിയ സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് അഭിജീത്ത് പറഞ്ഞു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കൊപ്പമാണ് അഭിജീത്ത് പ്രധാനമന്ത്രിയെ കാണാൻ എത്തിയത്. അഭിജീത്തിന്റെ മാതാവും ഒപ്പമുണ്ടായിരുന്നു. ഹിമന്ത ബിശ്വ ശർമ്മയോട് ആണ് ചിത്രം പ്രധാനമന്ത്രിയ്‌ക്ക് സമ്മാനിക്കണമെന്ന ആഗ്രഹം അഭിജീത്ത് ആദ്യം അറിയിച്ചത്. ഇത് അദ്ദേഹം സാക്ഷാത്കരിക്കുകയായിരുന്നു. ഹിമന്ത ബിശ്വ ശർമ്മയാണ് പ്രധാനമന്ത്രിയോട് അഭിജീത്തിനെക്കുറിച്ച് പറഞ്ഞത്.
പെയിന്റിംഗ് സന്തോഷപൂർവ്വം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി അഭിജീത്തിനെ പ്രശംസിച്ചു. പ്രധാനമന്ത്രിയെ കാണാനും, ചിത്രം സമ്മാനിക്കാനും കഴിഞ്ഞതിൽ തനിക്കും കുടുംബത്തിനും അഭിമാനമുണ്ടെന്ന് അഭിജീത്തും വ്യക്തമാക്കി.
Comments