തിരുവനന്തപുരം: ഒന്നരവയസുകാരന്റെ കാലിൽ കുത്തിയ സൂചി ഒടിഞ്ഞു തറച്ചു. നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിലാണ് സംഭവം. പനി ബാധിച്ച് ചികിത്സ തേടിയെത്തിയതായിരുന്നു കുട്ടി. സൂചി തറച്ചുകയറിയെന്ന് മനസിലായതോടെ എസ്എടി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചത്. ആദ്യം കുഞ്ഞിന്റെ കൈകളിൽ ട്രിപ്പ് ഇട്ടിരുന്നു. പിന്നീട് കുഞ്ഞിന് വേദനയുണ്ടെന്നറിയിച്ചപ്പോൾ കാലിൽ കുത്തുകയായിരുന്നു. അപ്പോഴാണ് സൂചി ഒടിഞ്ഞ് കാലിൽ തറച്ചത്. ഉടൻ തന്നെ ഇക്കാര്യം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
വ്യാഴാഴ്ചയായിരുന്നു എസ്എടി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് സൂചി പുറത്തെടുത്തു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അതിനിടെ നെയ്യാറ്റിൻകര ആശുപത്രിയിലെ നഴ്സുമാർ മോശമായി പെരുമാറിയെന്ന ആരോപണവും കുടുംബം ഉന്നയിച്ചു.
Comments