ജയ്പൂർ: പഞ്ചാബിനും, കശ്മീരിനും പിന്നാലെ രാജസ്ഥാനിലും ഡ്രോൺ സാന്നിദ്ധ്യം. ശ്രീ ഗംഗാനഗർ ജില്ലയിലെ ഖർശന സെക്ടറിലാണ് അന്താരാഷ്ട്ര അതിർത്തി കടന്ന് ഡ്രോൺ എത്തിയത്. പാക് ഡ്രോൺ ആണെന്നാണ് സൂചന.
പുലർച്ചെയോടെയാണ് അതിർത്തി കടന്ന് ഡ്രോൺ എത്തിയത്. ഈ സമയം ബിഎസ്എഫ് സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു. ശബ്ദംകേട്ട് പരിശോധന നടത്തിയപ്പോഴാണ് ഡ്രോൺ കണ്ടത്. ഉടനെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ഡ്രോൺ അതിർത്തി കടന്ന് തിരികെ പോയി. ഇതിന് പിന്നാലെ പോലീസുമായി ചേർന്ന് ബിഎസ്എഫ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.
ആഴ്ചകൾക്ക് മുൻപ് രാജസ്ഥാനിൽ നിന്നും നൂപുർ ശർമ്മയെ കൊലപ്പെടുത്താൻ എത്തിയ പാക് പൗരനെ ഇവിടെ നിന്നും പിടികൂടിയിരുന്നു. ഇയാളുമായി ഡ്രോൺ എത്തിയ സംഭവത്തിന് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലും, പഞ്ചാബിലും അതിർത്തി കടന്ന് ഡ്രോണുകൾ എത്തിയിരുന്നു.
Comments