ഇസ്ലാമാബാദ്: പാകിസ്താന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി പറന്നുയർന്ന സൈനിക ഹെലികോപ്ടർ ബലൂചിസ്ഥാനിൽ തകർന്നു വീണു. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. പാകിസ്താൻ ആർമി ഏവിയേഷൻ കോർപ്‌സിന്റെ ഈ ഹെലികോപ്ടർ വ്യോമാക്രമണങ്ങളിലുൾപ്പെടെ പാകിസ്താൻ സൈന്യം ഉപയോഗിക്കാറുണ്ട്. കമാൻഡർ 12 കോർപ്‌സ് ലെഫ്റ്റനന്റ് ജനറൽ സർഫ്രാസ് അലി ഉൾപ്പെടെ ആറ് സൈനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ബലൂചിസ്ഥാനിലെ ലാസ്‌ബെല ജില്ലയിൽ വച്ചാണ് ഹെലികോപ്ടറിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.
ബലൂചിസ്ഥാനിലെ വിന്ദറിനും സാസി പുന്നൂവിനും ഇടയിൽ തകർന്നു വീണതായാണ് വിവരം. എന്നാൽ രക്ഷാപ്രവർത്തകർക്ക് ഇതുവരെ പ്രദേശത്തേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ലെന്നും പാകിസ്താനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക് സൈന്യവും വിമാന അപകടവിവരം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഹെലികോപ്ടർ കാണാതായെന്ന വാർത്ത സൈന്യം സ്ഥിരീകരിച്ചു. ലാസ്‌ബെല മേഖലയിൽ വെള്ളപ്പൊക്കത്തിൽ അപകടപ്പെട്ടവർക്ക് സഹായവുമായി എത്തിയ ഹെലികോപ്ടറാണ് ഇതെന്നാണ് സൈന്യം പറയുന്നത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് കോർപ്‌സ് 12 കമാൻഡർ സർഫ്രാസ് അലി ആയിരുന്നു. ഇദ്ദേഹമുൾപ്പെടെ ആറ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഉത്തൽ മേഖലയിൽ നിന്നാണ് ഹെലികോപ്ടർ യാത്ര തിരിച്ചത്. കാണാതായവരുടെ തിരിച്ചുവരവിന് വേണ്ടി രാജ്യം മുഴുവൻ പ്രാർത്ഥിക്കുകയാണെന്നും, ഹെലികോപ്ടർ കാണാതായെന്ന വിവരം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്വിറ്ററിൽ കുറിച്ചു.
Comments