അകക്കണ്ണിന്റെ ഇരുട്ട് കൊണ്ട് ജീവതം പ്രകാശഭരിതമാക്കുന്ന ഒരു പെൺകുട്ടിയുണ്ട് കൊച്ചിയിൽ. 19 കാരിയായ ഹന്ന ആലിസ് സൈമൺ. സിബിഎസ്ഇ +2 പരീക്ഷയിൽ ദിവ്യാംഗ വിഭാഗത്തിൽ 496 മാർക്ക് വാങ്ങി ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഈ മിടുക്കി. സ്വപ്‌നങ്ങൾ കാണാനും അത് യാഥാർത്ഥ്യമാക്കാനും ഒരാൾക്ക് കണ്ണിന്റെ ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ ഹന്നയെ നോക്കി ആത്മവിശ്വാസത്തോടെ പറയാം, അതൊന്നും അനിവാര്യമല്ലെന്ന്.
ഹന്നയ്‌ക്ക് ജീവിതം മുഴുവൻ ഒരു പോരാട്ടമായിരുന്നു. ജന്മനായുള്ള കണ്ണിന്റെ കാഴ്ചക്കുറവ് ഹന്നയ്‌ക്ക് പുസ്തകം എഴുതാൻ തടസ്സമായില്ല. എട്ടാം ക്ലാസ് വരെ സംഗീതം പഠിച്ച ഹന്ന ഒൻപത് ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. മോട്ടിവേഷൻ ക്ലാസുകളും അനാഥാലത്തിലെ കുട്ടികൾക്കായി ഇംഗ്ലീഷ് പരിശീലനവും നൽകുന്നുണ്ട്. ഹന്നയുടെ പുസ്തകമായ വെൽകം ഹോം അടുത്തിടെയാണ് പ്രകാശനം ചെയ്തത്.
അഞ്ചാം ക്ലാസുവരെ കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിൽ ബ്രെയിൻ ലിപിയിലായിരുന്നു ഹന്നയുടെ പഠനം. ഒൻപതാം ക്ലാസിലാണ് പഠനത്തിനായി കംപ്യൂട്ടറിനെ ആശ്രയിച്ചത്. അച്ഛൻ സൈമണിന്റെ കഥകൾ കേട്ടാണ് ഹന്ന വളർന്നത്. തന്നെ സ്വപ്‌നം കാണാൻ പഠിപ്പിച്ചത് അച്ഛനാണെന്ന് ആ പെൺകുട്ടി പറഞ്ഞു. ”എല്ലാവർക്കും ഒരു സ്വപ്‌നം വേണം. ആ സ്വപ്‌നത്തിനായി നിങ്ങൾ പ്രയത്‌നിക്കണം.” പത്തൊൻപതുകാരിയായ ഹന്ന പറഞ്ഞു.
എന്നാൽ ഇനി നാല് വർഷത്തെ ബിരുദ പഠനത്തിനായി യുഎസിലേക്ക് പോകാൻ ഒരുങ്ങുകയാണ് ഹന്ന. നോട്ടർഡാം സർവകലാശാലയിൽ ഫുൾ സ്‌കോളർഷിപ്പോടെയാകും ഇനി പഠനം. സൈക്കോളജി മുഖ്യവിഷയവും സംഗീതവും എഴുത്തും ഉപവിഷയവുമായ കോഴ്‌സിനാണ് പ്രവേശനം കിട്ടിയത്. ഒരായിരം സ്വപ്‌നങ്ങളുമായാണ് ഈ മിടുക്കി അമേരിക്കയിലേക്ക് പറക്കാനൊരുങ്ങുന്നത്. വിഷമിക്കുന്നവരെ സഹായിക്കാൻ താൻ എന്നും അവരോടൊപ്പം ഉണ്ടാകുമെന്ന വാഗ്ദാനം നൽകുന്ന ഈ പത്തൊൻപതുകാരി സമൂഹത്തിന് തന്നെ പ്രചോദനമാണ്.
Comments