ന്യൂഡൽഹി: ത്രിവർണ പതാകയുമായി സ്കൂട്ടറിൽ ഓഫീസിലേക്ക് പോകുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. കേന്ദ്ര സഹമന്ത്രി ഡോക്ടർ ഭാരതി പ്രവീൺ പവാറിനൊപ്പം സ്കൂട്ടറിൽ പോകുന്ന വീഡിയോ സ്മൃതി ഇറാനി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഭാരതി തായിയെ ജോലിക്ക് കൊണ്ടു പോകുകയാണ് എന്ന് വീഡിയോയിൽ സ്മൃതി ഇറാനി പറയുന്നുണ്ട്. സ്മൃതി ഇറാനിയുടെ പിന്നിൽ ഇരിക്കുന്ന ഭാരതി പ്രവീൺ പവാറാണ് ദേശീയ പതാക പിടിച്ചിരിക്കുന്നത്. ഇരുവരും ഹെൽമെറ്റ് ധരിച്ചാണ് യാത്ര ചെയ്യുന്നത്.
ഒരു ദേശീയ പതാക വാഹനത്തിന്റെ പിന്നിലും കെട്ടിയിട്ടുണ്ട്. തിരംഗ യാത്രയോടെ ദിവസം ആരംഭിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് സ്മൃതി ഇറാനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സ്മൃതി ഇറാനിയുടെ വീഡിയോക്ക് വൻ സ്വീകാര്യതയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്. വീഡിയോക്ക് താഴെ ഏകത കപൂർ ഉൾപ്പെടെ നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഹർ ഘർ തിരംഗ‘ എന്ന പേരിൽ ആഘോഷ പരിപാടി പ്രഖ്യാപിച്ചിരുന്നു. വീടുകളിലും കെട്ടിടങ്ങളിലും ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കാം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരിക്കുകയാണ്. ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി എം പിമാരും കേന്ദ്ര മന്ത്രിമാരും ഇരുചക്ര വാഹനങ്ങളിൽ ‘തിരംഗ യാത്ര‘ സംഘടിപ്പിച്ചിരുന്നു. സ്മൃതി ഇറാനി ഉൾപ്പെടെ ഉള്ളവർ ഇതിൽ പങ്കെടുത്തിരുന്നു.
Comments