ഇസ്ലാമാബാദ്: അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ചൈനക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് പാകിസ്താൻ. ചൈനക്ക് ഉറച്ച പിന്തുണ നൽകുന്നതായി പാകിസ്താൻ വിദേശകാര്യ വക്താവ് അസീം ഇഫ്തിക്കർ പ്രസ്താവനയിൽ വ്യക്തമാക്കി. തായ്വാനിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ പാകിസ്താന് കടുത്ത ആശങ്കയുള്ളതായി അസീം ഇഫ്തിക്കർ പറഞ്ഞു.
പാകിസ്താന്റെ നിലപാടിൽ അമേരിക്ക കടുത്ത അതൃപ്തിയിലാണ് എന്നാണ് സൂചന. ഇക്കാര്യത്തിൽ അമേരിക്കയുടെ പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും, പാകിസ്താന്റെ പ്രസ്താവന അമേരിക്ക കാര്യമായി പരിശോധിച്ച് വരികയാണ് എന്നാണ് വിവരം. തായ്വാനിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രതിസന്ധി എന്നതു കൊണ്ട്, നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനമാണോ പാകിസ്താൻ അർത്ഥമാക്കുന്നത് എന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുകയാണ്.
അതേസമയം നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിന് പിന്നാലെ, മേഖലയിൽ ചൈന യുദ്ധസന്നാഹം ഒരുക്കിയിരിക്കുകയാണ്. തായ്വാൻ വ്യോമ മേഖല ലക്ഷ്യമാക്കി നിരവധി ചൈനീസ് പോർവിമാനങ്ങൾ പുറപ്പെട്ടു. ചൈനീസ് പോർവിമാനങ്ങളുടെ കടന്നുകയറ്റം ചെറുക്കാൻ എയർ പട്രോൾ മോണിറ്റർ സംവിധാനവും വിമാനവേധ മിസൈലുകളും സജ്ജമാക്കിയിരിക്കുകയാണ് തായ്വാൻ. യു എസ് എസ് റൊണാൾഡ് റീഗൻ ഉൾപ്പെടെയുള്ള അമേരിക്കൻ വിമാനവാഹിനി കപ്പലുകളും മേഖലയിലേക്ക് പുറപ്പെട്ടിരുന്നു.
Comments