ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾ തടസ്സപ്പെടുത്താൻ ഭീകര സംഘടനകൾ പദ്ധതിയിടുന്ന സാഹചര്യത്തിൽ സുരക്ഷ കടുപ്പിച്ച് രാജ്യ തലസ്ഥാനം. ചെങ്കോട്ടയ്‌ക്ക് സമീപം ഇന്റർനെറ്റ് പ്രോട്ടോക്കോൾ അധിഷ്ഠിതമായ 1,000ത്തോളം സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
80 ശതമാനത്തോളം ക്യാമറകൾ ഐപി അടിസ്ഥാനമാക്കിയുള്ള 2 മെഗാപിക്സലിന്റെ ക്യാമറകളാകും. 20 ശതമാനം ഐപി അടിസ്ഥാനമാക്കിയുള്ള 4 മെഗാ പിക്സലിന്റെ ക്യാമറകളുമാകും. 4 മെഗാപിക്സലിന്റെ ക്യാമറകൾ തന്ത്രപരമായ സ്ഥലങ്ങളിലും 2 മെഗാപിക്സലിന്റെ ക്യാമറകൾ മറ്റു സ്ഥലങ്ങളിലും സ്ഥാപിക്കും.
ന്യൂഡൽഹി ജില്ല, വടക്കൻ ഡൽഹി, തെക്ക് കിഴക്കൻ പ്രദേശം, സെൻട്രൽ ഡിസ്ട്രിക്ട്, സെക്യൂരിറ്റി യൂണിറ്റ്, വടക്ക് പടിഞ്ഞാറൻ പ്രദേശം എന്നിവിടങ്ങളിലാകും ക്യാമറകൾ സ്ഥാപിക്കുക.ആഘോഷങ്ങൾ നടക്കുന്ന ചെങ്കോട്ടയ്‌ക്ക് സമീപം വൻ തോതിൽ ക്യാമറ സ്ഥാപിക്കുമെന്ന് സുരക്ഷാ ഉദ്യേഗസ്ഥർ അറിയിച്ചു.
ആളുകളുടെ മുഖം തിരിച്ചറിയാനും ചലനങ്ങൾ തിരിച്ചറിയാനും ശബ്ദങ്ങൾ തിരിച്ചറിയാനും നുഴഞ്ഞു കയറ്റം, കാണാതായ വസ്തുക്കൾ കണ്ടെത്താനും ഇത്തരം ഐപി ക്യാമറകൾക്കാകും.ക്യാമറ സ്ഥാപിച്ചിരിക്കുന്ന പ്രദേശത്തിന്റെ എച്ച്ഡി ദൃശ്യങ്ങളും ക്യാമറ നൽകും. ബിൽറ്റ് ഇൻ 30 എക്സ് ഒപ്റ്റിക്കൽ, ഓട്ടോ ഫോക്കസ് സൂം ലെൻസും ക്യാമറയിൽ ലഭ്യമാക്കും. രാത്രി കാഴ്ചകൾക്കായി ഇൻബിൽറ്റ് ഇൻഫ്രോ റെഡ് ഉണ്ടായിരിക്കും. ഓഗസ്റ്റ് 15 ന് ലഷ്‌കർ-ഇ-ത്വായ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവയുടെ ആക്രമണത്തിന് സാദ്ധ്യത ഉള്ളതായി ഇന്റലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നൽകിയിരുന്നു.
Comments