ഇരിങ്ങാലക്കുട സാകേതം വൃദ്ധസദനം നിർമ്മിച്ച് ഡോക്ടർ മധു മീനച്ചിൽ തിരക്കഥയും ഗാനരചനയും സംവിധാനവും നിർവ്വഹിച്ച് യൂട്യൂബിൽ റിലീസ് ചെയ്ത ഷോർട്ട് ഫിലിമാണ് ‘അമ്മയുടെ കുട‘. വാര്‍ദ്ധക്യം ബാധ്യതയാകുന്ന വര്‍ത്തമാനകാല പരിതസ്ഥിതിയുടെ പരിച്ഛേദം എന്നാണ് സംവിധായകൻ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രസ്തുത ആശയം ഏറ്റവും ശക്തിമത്തായി, ചിന്തോദീപകമായി അവതരിപ്പിച്ചിരിക്കുന്ന ലഘുചിത്രമാണ് അമ്മയുടെ കുട.
സർക്കാർ ആശുപത്രി ഡോക്ടറായ ഡോക്ടർ മുകുന്ദനും ഭാര്യ ഡോക്ടർ മീരയുമാണ് ചിത്രത്തിലെ മുഴുനീള കഥാപാത്രങ്ങൾ. അവർക്കിടയിലേക്ക് അമേരിക്കയിൽ നിന്നും വരുന്ന കുടുംബ സുഹൃത്തായ ഡോക്ടർ സഞ്ജയും ഭാര്യയും മകളും കടന്നു വരുന്നതോടെ പ്രധാന ഇതിവൃത്തത്തിലേക്ക് കടക്കുന്ന ചിത്രത്തിൽ, പ്രധാന കഥാപാത്രം എന്നതിലുപരി, ചിത്രത്തിന്റെ ആത്മാവായ അമ്മയുടെ സാന്നിദ്ധ്യം ഒരു വേദനിക്കുന്ന ഛായാചിത്രം പോലെ കടന്നു വരുന്നു. ഗതകാല നന്മകളുടെ നിഷ്കളങ്കതയായി അമ്മയും, അമ്മയുടെ ഓർമ്മകളുടെ ചാലകമായ കുടയും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
നാട്ടിൻപുറത്തെ സാധാരണ ചുറ്റുപാടുകളിൽ നിന്നും പഠിച്ച് ഡോക്ടറായ മുകുന്ദനും നഗരത്തിലെ സമ്പന്നതയുടെ നടുവിൽ വളർന്ന മീരയും തമ്മിലുള്ള അഭിരുചികളിലെയും വീക്ഷണങ്ങളിലെയും പൊരുത്തക്കേടുകൾ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ, കുടുംബം തകരാതിരിക്കാൻ മിക്കയിടങ്ങളിലും ഒത്തുതീർപ്പുകൾക്ക് തയ്യാറായി, വേദനയും അപമാനവും കടിച്ചമർത്തി, സ്വത്വം അടിയറവ് വെച്ച് ജീവിക്കേണ്ടി വരുന്ന നിസ്സഹായരായ ഭർത്താക്കന്മാരുടെ പ്രതിനിധിയായി ഡോക്ടർ മുകുന്ദൻ മാറുന്നു. അമ്മയെ ഉപേക്ഷിക്കാനും, പിന്നീട് വീണ്ടെടുപ്പിനെ കുറിച്ച് ചിന്തിക്കാനും അയാളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ, അമ്മയിൽ നിന്നും പകർന്നു കിട്ടിയ നന്മയുടെ ഏടുകൾ തന്നെയാണ് എന്ന് കാണാൻ കഴിയും.
മറുവശത്ത്, ഡോക്ടർ സഞ്ജയും കുടുംബവും സ്വന്തം അമ്മയെയും മുകുന്ദന്റെ അമ്മയെയും പരിഗണിക്കുന്നത് പൂരകമായ ഒരു ദ്വന്ദ്വമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ ചിന്തകൾ ഉണർത്തുന്ന നിരവധി രംഗങ്ങൾ ഇവർ വരുന്ന സന്ദർഭങ്ങളിൽ പ്രേക്ഷകന് ദർശിക്കാൻ സാധിക്കും. എല്ലാ അർത്ഥത്തിലും സമൂഹത്തിന് ശക്തമായ സന്ദേശം നൽകുന്ന ഡോക്ടർ മധു മീനച്ചിലിന്റെ പതിവ് ശൈലിയിൽ ഒരുക്കിയിട്ടുള്ള ചിത്രമാണ് ‘അമ്മയുടെ കുട‘.
സാങ്കേതിക വശങ്ങൾ കഥാഗതിയുമായി സംവദിക്കാൻ ഉതകുന്ന തരത്തിലാണ് ചിത്രത്തിൽ പരിഗണിച്ചിരിക്കുന്നത്. കഥാപാത്രങ്ങളെ കൃത്യമായി ഉൾക്കൊണ്ട് അഭിനയിച്ചിരിക്കുന്ന നടീനടന്മാരുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ഡോക്ടർ മുകുന്ദന്റെ മകളായി അഭിനയിച്ച ബാലതാരം ഉൾപ്പെടെ എല്ലാവരും പക്വമായ പ്രകടനങ്ങൾ കാഴ്ചവെച്ചിരിക്കുന്നു.
ശിവറാം തേക്കിൻകാട്ടിൽ, ഷിബു കുന്നംകുളം, ഗായത്രി ശിവറാം, മെഹർദിയ ഫൈസ, സ്വയംപ്രഭ തേക്കിൻകാട്ടിൽ, മാസ്റ്റർ ഋഷി കേശവ്, അഭിരാമി, മാസ്റ്റർ ഹൃഷികേശ് ഉണ്ണികൃഷ്ണൻ, മാസ്റ്റർ ഹരിഗോവിന്ദ് ഉണ്ണികൃഷ്ണൻ, മാസ്റ്റർ അമ്പാടി, പ്രീതി രാജേഷ്, ദേവകി വേണുഗോപാൽ, രമാദേവി നായർ, ശിവ് ചരൺ, പദ്മിനി കോവിലമ്മ തിരുവന്നൂർ, വള്ളിയമ്മ കെ മാധവൻ, സൂര്യ ശരത്, അനുപമ കെ എസ്, കോമളം സി എസ്, സിജി വൽസൻ എന്നിവരാണ് അഭിനേതാക്കൾ.
ഛായാഗ്രഹണവും എഡിറ്റിംഗും ഉണ്ണി നീലഗിരി. സംഗീത സംവിധാനം മനുരാജ്, പശ്ചാത്തല സംഗീതം അജ്മൽ ബഷീർ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. ഭാവന രാധാകൃഷ്ണനും ലക്ഷ്മി ദാസുമാണ് ഗായികമാർ.
Comments