പ്രഖ്യാപനം നടന്നുവെങ്കിലും തിയറ്ററുകളിൽ എത്താൻ ഏറെ വൈകിയ സിനിമയാണ് ഗോകുൽ സുരേഷ് നായകനായ സായാഹ്ന വാര്‍ത്തകള്‍. ഇപ്പോൾ ഓഗസ്റ്റ് 5 വെള്ളിയാഴ്ച സിനിമ തിയറ്ററുകളിലെത്തുകയാണ്. അരുണ്‍ ചന്ദുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗോകുൽ സുരേഷിന് പുറമെ ധ്യാന്‍ ശ്രീനിവാസനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ്മ, ആനന്ദ് മന്മഥന് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെ തന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗോകുൽ സുരേഷ്. ഫേയ്സ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ഗോകുലിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്,
വളരെയേറെ കാലമായി പോസ്റ്റിടാൻ കാത്തിരുന്ന ഒരു കുറിപ്പ് ഇവിടെ പങ്കുവെക്കുന്നു. നാളെ ഞാൻ ഒരുപാട് ആകാംക്ഷയോടെ കാത്തിരുന്ന എന്റെയൊരു സിനിമ നിങ്ങളിലേക്ക് എത്തുകയാണ്. പ്രതികൂല സാഹചര്യങ്ങളാൽ ഷൂട്ടിൽ സംഭവിച്ച തടസങ്ങൾ, റിലീസിലെ അനിശ്ചിതത്വം എന്നിവയാണ് റിലീസിംഗ് ഇത്രയധികം വൈകിപ്പിച്ചത്. ഈ ചിത്രത്തിന് പിന്നിലെ തടസങ്ങളും വെല്ലുവിളികളും മറികടന്ന് ഞങ്ങൾ ഒടുവിൽ ഇത് നിങ്ങളിലേക്ക് എത്തിക്കുകയാണ്. എന്തൊക്കെ സംഭവിച്ചിട്ടും ഞങ്ങളുടെ ആത്മധൈര്യം ഒട്ടും തന്നെ ചോർന്നു പോയിട്ടില്ല. വ്യക്തിപരമായി വളരെയധികം ക്ലേശങ്ങൾ മാനസികമായും ശാരീരികമായും ഞാൻ ഈ കാലയളവിൽ അനുഭവിക്കേണ്ടി വന്നു. ഇനിയെനിക്ക് ആകെ ചെയ്യാൻ കഴിയുന്നത് നിങ്ങളോട് ഈ ഓഗസ്റ്റ് 5ന് (നാളെ) ചിത്രം പുറത്തിറങ്ങുമ്പോൾ കാണുക എന്ന് അഭ്യർത്ഥിക്കുക മാത്രമാണ്. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും എല്ലാറ്റിനുമുപരി പിന്തുണയും കൂടെയുണ്ടാകുമെന്ന് കരുതുന്നു.
Comments