കോഴിക്കോട്: കുന്ദമംഗലം സുന്നി ജുമാ മസ്ജിദിൽ സംഘർഷം.
വൈകുന്നേരം നിസ്ക്കാര ശേഷമാണ് രണ്ട് വിഭാഗം സുന്നി പ്രവർത്തകർ ഏറ്റുമുട്ടിയത്. ചേരിതിരിഞ്ഞ് കയ്യാങ്കളിക്ക് മുതിർന്നതോടെ വിശ്വാസികളെ പുറത്തിറക്കി പോലീസ് മസ്ജിദ് അടച്ചു.
കുന്നമംഗലം ജുമാ മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ഈ അടുത്തുണ്ടായ കോടതി വിധി തങ്ങൾക്ക് അനുകൂലം എന്ന് പ്രഖ്യാപിക്കാൻ ഒരു വിഭാഗം ശ്രമിച്ചതാണ് സംഘർഷങ്ങൾക്ക് വഴിവെച്ചത്. എപി സുന്നി വിഭാഗമാണ് മസ്ജിദ് തങ്ങളുടേതെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ഈ നീക്കം മറുവിഭാഗം തടയുകയായിരുന്നു. തുടർന്നാണ് വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായത്.
കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസ് സ്ഥലത്തെത്തി. രണ്ടു വിഭാഗങ്ങളെയും മസ്ജിദിൽ നിന്ന് പുറത്തിറക്കി പോലീസ് കവാടം അടച്ചു. സംഘർഷത്തിന് തുടക്കം കുറിച്ച മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .സംഘർഷ സാദ്ധ്യത ഉള്ളതിനാൽ മസ്ജിദിന് പോലിസ് കാവൽ ഏർപ്പെടുത്തി.
Comments