മുംബൈ: മഹാരാഷ്ട്രയിൽ നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സംസ്ഥാന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ “നമ്പർ 1 പാർട്ടി” ആയി ബിജെപി ഉയർന്നു. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും ബിജെപി ഒന്നാം സ്ഥാനത്താണ്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന ബിജെപിക്കൊപ്പം മികച്ച പ്രകടനം കാഴ്ച വെച്ചുവെന്നും ഫട്നാവിസ് ട്വിറ്ററിൽ കുറിച്ചു. ബിജെപിയ്ക്ക് വിജയം സമ്മാനിച്ചതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
തിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനേയും മറ്റ് പാർട്ടി പ്രവർത്തകരേയും ഫട്നാവിസ് അഭിനന്ദിച്ചു. മഹാരാഷ്ട്രയിലെ 62 താലൂക്കുകളിലെ 271 ഗ്രാമപഞ്ചായത്തുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ധൂലെ (52), നാസിക് (40), ജൽഗാവ് (24), അഹമ്മദ്നഗർ (15), പൂനെ (19), സോലാപൂർ (25), സത്താറ (10), സാംഗ്ലി (1), ഔറംഗബാദ് (16), ജൽന (28), ബീഡ് (13), ലാത്തൂർ (9), ഒസ്മാനാബാദ് (11), പർഭാനി (3), ബുൽധാന (5) എന്നി ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് ആകെ 28,813 ഗ്രാമപഞ്ചായത്തുകളാണുള്ളത്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടന്നത്. ബിജെപിയിൽ വിശ്വാസമർപ്പിച്ച എല്ലാ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയുക്കുന്നതായി ബിജെപിയും പ്രതികരിച്ചു. മഹാരാഷ്ട്രയിൽ ഉണ്ടായ വലിയ രാഷ്ട്രീയ മാറ്റത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പു കൂടിയാണിത്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ശിവസേന എംഎൽഎമാർ പാർട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞതോടെ മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ നിലംപൊത്തിയിരുന്നു.
Comments