സാധാരണയായി നമ്മുടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്കാണ് നാം വായിൽ ഭക്ഷണം വെച്ച് കൊടുക്കുക. പൂച്ച, നായ എന്നീ മൃഗങ്ങളെ അടുത്തേക്ക് വിളിച്ച് സ്‌നേഹത്തോടെ ഭക്ഷണം വായിൽ വെച്ച് കൊടുക്കുക പതിവാണ്. എന്നാൽ ഭക്ഷണം കൊടുക്കാൻ ഒരു കടുവയെ അടുത്തേക്ക് വിളിച്ചാൽ എന്തായിരിക്കും അവസ്ഥ? അതിന്റെ വായിൽ ഭക്ഷണം വെച്ച് കൊടുക്കുന്ന രംഗം ചിന്തിക്കാൻ സാധിക്കുമോ ?
എന്നാൽ കടുവയുടെ വായിൽ ഭക്ഷണം വെച്ച് കൊടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ബസിന്റെ ഡ്രൈവർ ഗ്ലാസ് തുറന്ന് കടുവയെ അടുത്തേക്ക് വിളിക്കുന്നത് വീഡിയോയിൽ കാണാം. ഒരു ഇറച്ചി കഷ്ണം കാണിച്ചാണ് വിളിച്ചത്. ഉടനെ കടുവ അടുത്തേക്ക് വരികയും നേരെ ചാടിയശേഷം രണ്ട് കാലുകൾ ബസിലേക്ക് കുത്തി നിൽക്കുകയും അതോടൊപ്പം തന്നെ ഇറച്ചികഷ്ണം കൈയ്യിൽ നിന്ന് കടിച്ചെടുക്കുകയും ചെയ്യുന്നു. ഒരു ചെറിയ വടിയിൽ വെച്ചാണ് ഇയാൾ ഇറച്ചി കൊടുത്തത്.
അത് കഴിച്ച ശേഷം കടുവ കൈകൊണ്ട് മുഖം തുടയ്‌ക്കുന്നതും കാണാനാകും. കടുവയ്‌ക്ക് ഭക്ഷണം നൽകിയ ശേഷം, ഡ്രൈവർ മൃഗത്തെ പോകാൻ ആംഗ്യം കാണിക്കുകയും ജനൽ അടയ്‌ക്കുകയും ചെയ്യുന്നു. വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഡ്രൈവറുടെ ധീരമായ നീക്കത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കടുവയുടെ അനുസരണയെയും പ്രകീർത്തിക്കുന്നുണ്ട്.
Comments