ഇംഫാൽ: വർഗീയ സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തി. ബിഷ്ണുപൂരിൽ കലാപത്തെ തുടർന്ന് വാഹങ്ങൾ കത്തിച്ചതോടെയാണ് സർക്കാർ കടുത്ത നടപടിയിലേക്ക് കടന്നത്. ചുരചാന്ദ്പൂർ, ബിഷ്ണുപൂർ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പൊതുജനങ്ങളിൽ അനാവശ്യ ആശങ്കകൾ സൃഷ്ടിക്കുന്ന തരത്തിൽ സ്പർദ്ധ വളർത്തുന്ന ചിത്രങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വീഡിയോ സന്ദേശങ്ങൾ എന്നിവ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചിലർ പ്രചരിപ്പിക്കാൻ ശ്രമിച്ചു. കുപ്രചാരണങ്ങൾ നടത്താനും ക്രമസമാധാന പ്രശ്നങ്ങൾ വലുതാക്കാനും ചിലർ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് മൊബൈൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയത് എന്ന് സർക്കാർ അറിയിച്ചു.
കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ജനങ്ങൾ സംയമനം പാലിക്കണമെന്ന് ജില്ലാ കളക്ടർമാർ ആഹ്വാനം ചെയ്തിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട വാർത്തകൾ പക്ഷപാതപരമായി പ്രചരിപ്പിക്കരുതെന്നും ജില്ലാ ഭരണകൂടങ്ങൾ അഭ്യർത്ഥിച്ചു.
Comments