ബീജിങ്: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ് വാൻ സന്ദർശനത്തിന് പിന്നാലെ ചൈന ആരംഭിച്ച സൈനിക പരിശീലനം അവസാനിപ്പിച്ചത് ദ്വീപ് ആക്രമണത്തിന്റെ മോക് ഡ്രില്ലുമായി. തായ് വാനെ വേണ്ടി വന്നാൽ ആക്രമിക്കുമെന്ന മുന്നറിയിപ്പ് കൂടിയാണ് ചൈന ഇതിലൂടെ നൽകിയിരിക്കുന്നത്.
പീപ്പിൾ ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയറ്റർ കമാൻഡ് എയർഫോഴ്സ് വിഭാഗം വിവിധ തരത്തിലുളള യുദ്ധവിമാനങ്ങൾ ഉപയോഗിച്ചുളള ആക്രമണങ്ങൾ പരിശീലിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദീർഘദൂര വ്യോമാക്രമണവും ഇതിൽ ഉൾപ്പെടും.
നൂറിലധികം യുദ്ധ വിമാനങ്ങൾക്ക് പുറമേ യുദ്ധക്കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളും ചൈന വിന്യസിച്ചിരുന്നു. തായ്വാനിലേക്ക് അധിനിവേശം നടത്തേണ്ടി വന്നാൽ ഏതൊക്കെ രീതിയിൽ പ്രവർത്തിക്കാമെന്നായിരുന്നു പ്രധാനമായും നാല് ദിവസത്തെ സൈനിക അഭ്യാസത്തിൽ പരീക്ഷിച്ചത്.
ഞായറാഴ്ചയായിരുന്നു ദ്വീപ് രാഷ്ട്രത്തെ ആക്രമിക്കുന്നതിനുളള മോക്ഡ്രിൽ നടത്തിയത്. കടൽമാർഗവും ആകാശമാർഗവുമുളള ആക്രമണ രീതിയാണ് മോക് ഡ്രില്ലിൽ പരീക്ഷിക്കപ്പെട്ടത്. ഡ്രോണുകളും അഭ്യാസത്തിൽ ഉൾപ്പെടുത്തിയിരുന്നു. ചൈനയ്ക്ക് മറുപടിയായി തായ് വാനും സൈനിക അഭ്യാസ പ്രകടനം നടത്തിയിരുന്നു.
മഞ്ഞക്കടലിൽ ഓഗസ്റ്റ് 15 വരെ സൈനിക അഭ്യാസം നടത്തുമെന്നും ബീജിങ് വ്യക്തമാക്കിയിട്ടുണ്ട്. ചൈനയ്ക്കും കൊറിയൻ തുരുത്തിനും ഇടയിലുളള സ്ഥലത്താണ് അഭ്യാസം നടത്തുക.
Comments