തിരുവനന്തപുരം: വനവാസി ജനതയുടെ അന്താരാഷ്ട്ര ദിനാചരണം ഇന്ന്(09-08-2022) നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വൈകിട്ട് അഞ്ചിനാണ് പരിപാടി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മന്ത്രി. കെ.രാധാകൃഷണൻ അദ്ധ്യക്ഷത വഹിക്കും. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ നഞ്ചിയമ്മയെ മുഖ്യമന്ത്രി ആദരിക്കും.
പട്ടിക വർഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികൾ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിക്കും. മന്ത്രിമാരായ വി.ശിവൻ കുട്ടി, ആന്റണി രാജു, ജി. ആർ.അനിൽ എന്നിവരാണ് പദ്ധതികൾ നിർവ്വഹിക്കുക. വനവാസി ജനതയുടെ തനത് കലകൾ വേദിയിൽ അരങ്ങേറും. നാടൻ പാട്ട്, മറയൂർ ജഗദീഷും സംഘവും അവതരിപ്പിക്കുന്ന മലപ്പുലയാട്ടം തുടങ്ങിയ കലാപരിപാടികളാണ് വേദിയിൽ നടക്കുക.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. എന്നാൽ പുരസ്കാര നിറവിൽ നിൽക്കുമ്പോഴും ഭൂമാഫിയ കൈവശപ്പെടുത്തി വെച്ചിരിക്കുന്ന തന്റെ കുടുംബ സ്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് നഞ്ചിയമ്മ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സർക്കാർ സംവിധാനങ്ങളെയും സമീപിച്ചെങ്കിലും നഞ്ചിയമ്മയുടെ പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണ് ഉദ്യോഗസ്ഥർ.
Comments