പാലക്കാട്: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മയെ ആദരിച്ച് ബിജെപി നേതാക്കൾ. നഞ്ചിയമ്മയ്ക്ക് ദേശീയ പതാക നൽകിയ നേതാക്കൾ കാൽ തൊട്ട് അനുഗ്രഹവും വാങ്ങി.
ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി,ബിജെപി തിരുവന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് നഞ്ചിയമ്മയ്ക്ക് നേതാക്കൾ ദേശീയ പതാക കൈമാറിയത്.
കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’എന്ന ഗാനം ആലപിച്ചതിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം നഞ്ചിയമ്മ നേടിയിരുന്നു. അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു.
വനവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിനിയായ നഞ്ചിയമ്മ. കേരളത്തിലെ വനവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്.
Comments