തെന്നിന്ത്യ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും. ആലിയ-രൺബീർ വിവാഹത്തിന് ശേഷം സിനിമാലോകം അടുത്തിടെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കല്യാണം. വെള്ളിത്തിരയിലെ തങ്ങളുടെ ലേഡി സൂപ്പർസ്റ്റാറിന്റെ വിവാഹ ചിത്രങ്ങൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. രജനികാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്നം, ആര്യ, സൂര്യ, അറ്റ്ലി, എ ആര് റഹ്മാൻ, ദിലീപ് എന്നിങ്ങനെ നിരവധി പ്രമുഖ താരങ്ങളാണ് കല്യാണത്തിൽ പങ്കെടുത്തത്. അതുകൊണ്ടു തന്നെ എല്ലാ സിനിമാ പ്രേമികളും ഉറ്റുനോക്കുന്ന ഒന്നാണ് നയൻതാരയുടെ വിവാഹ വീഡിയോ.
വൻതുക മുടക്കി നെറ്റ്ഫ്ലിക്സാണ് വിവാഹ ചടങ്ങിന്റെ അവകാശം സ്വന്തമാക്കിയിരുന്നത്. തെന്നിന്ത്യയിലെ ഏറ്റവും വലിയ കല്യാണങ്ങളിലൊന്നായ നയൻതാര-വിഘ്നേശ് വിവാഹ വീഡിയോ കാണുവാൻ ലക്ഷക്കണക്കിന് ആരാധകർ കാത്തിരിക്കുകയാണ്. അവരുടെ കാത്തിരിപ്പിന് ആവേശം പകരുന്ന വാർത്തയുമായാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സ് വന്നിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാറിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ ഡോക്യുമെന്ററിയുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തു വിട്ടിരിക്കുകയാണ് കമ്പനി.
ജീവിതത്തെപ്പറ്റിയും, തമ്മിൽ കണ്ടുമുട്ടിയതിനെ കുറിച്ചും, പ്രണയത്തെപ്പറ്റിയുമെല്ലാം താരജോഡികൾ വീഡിയോയിൽ സംസാരിക്കുന്നത് കാണാം. ആരാധകർക്ക് ഒരു സമ്മാനമാണ് ഈ വീഡിയോ. നയൻതാരയുടെയും ചലച്ചിത്ര നിർമ്മാതാവ് വിഘ്നേഷ് ശിവന്റെയും വിവാഹം ജൂൺ 9-നാണ് നടന്നത്. വലിയ തുകയ്ക്ക് വിവാഹ ചടങ്ങിന്റെ അവകാശം സ്വന്തമാക്കിയെന്നും എന്നാൽ സംപ്രേഷണ കരാര് ലംഘിച്ചതിനാൽ വിഘ്നേശ് ശിവനും നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് നോട്ടീസ് അയച്ചു എന്നിങ്ങനെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ജൂലൈ 21നാണ് നെറ്റ്ഫ്ലിക്സ് നയൻതാരയുടെ ഡോക്യുമെന്ററിയെപ്പറ്റി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത് റൗഡി പിക്ചേഴ്സാണ്.
Comments