ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികർക്ക് നേരെ ചാവേർ ആക്രമണം. മൂന്ന് സൈനികർ വീരമൃത്യുവരിച്ചു. രജൗരി ജില്ലയിൽ രാവിലെയോടെയായിരുന്നു സംഭവം. ചാവേർ ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു.
ദർഹാൽ താലൂക്കിലെ പർഗാൽ മേഖലയിലെ ക്യാമ്പിന് സമീപം ആയിരുന്നു സംഭവം. പ്രദേശത്ത് ഭീകരർ നുഴഞ്ഞു കയറാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ സുരക്ഷാ സേന വ്യാപക പരിശോധന നടത്തിവരികയാണ്. ഇന്ന് രാവിലെ പരിശോധനയ്ക്കിടെ രണ്ട് പേർ അതിർത്തി വഴി നുഴഞ്ഞ് കയറി ക്യാമ്പിന് സമീപത്തേക്ക് വരുന്നത് സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവരെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഇതോടെ പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ചോളം സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ അടുത്തുള്ള സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments