ന്യൂഡൽഹി: ബംഗ്ളാദേശി മന്ത്രിമാരുടെ വ്യാജ സീലുകളുമായി ബംഗ്ളാദേശ് പൗരന്മാർ ഡൽഹിയിൽ പിടിയിൽ. പിടിയിലായവരിൽ നിന്നും വ്യാജ പാസ്പോർട്ടുകളും കണ്ടെടുത്തു. മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഹുസൈൻ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിനിടെയാണ് ഇവർ പിടിയിലായത്.
പാലം മേഖലയിൽ നിന്നാണ് ബംഗ്ളാദേശ് പൗരന്മാർ പിടിയിലായിരിക്കുന്നത്. ബംഗ്ളാദേശിലെ വിവിധ മന്ത്രാലയങ്ങളിലെ പത്തോളം മന്ത്രിമാരുടെ വ്യാജ സീലുകൾ പിടിയിലായവരിൽ നിന്നും കണ്ടെടുത്തു. വിവിധ ബംഗ്ളാദേശി പൗരന്മാരുടെ 11 വ്യാജ പാസ്പോർട്ടുകളാണ് പിടിയിലായവരിൽ നിന്നും കണ്ടെടുത്തിരിക്കുന്നത്.
ചികിത്സയ്‌ക്കായി ബംഗ്ളാദേശിൽ നിന്നും ഇന്ത്യയിൽ എത്തുന്നവരുടെ ഏജന്റുമാരായി പ്രവർത്തിച്ചു വരുന്നവരാണ് തങ്ങൾ എന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട് എന്നാണ് വിവരം. ഇത് പോലീസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം തുടരുകയാണ്.
Comments