എറണാകുളം: മകൾ വിസ്മയയുടെ കവിതാ സമാഹരത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനവുമായി ബന്ധപ്പെട്ട വാർത്ത ആരാധരോട് പങ്കുവെച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്ക് പേജിലൂടെയാണ് ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷയായ ‘നക്ഷത്രധൂളികൾ’ പ്രകാശനം ചെയ്യുന്ന വിവരം അദ്ദേഹം അറിയിച്ചത്. അച്ഛനെന്ന നിലയിൽ തനിക്ക് ഏറെ അഭിമാന നിമിഷമാണ് ഇതെന്നും മോഹൻലാൽ പറഞ്ഞു.
ഓഗസ്റ്റ് 19നാണ് നക്ഷത്രധൂളികളുടെ പ്രകാശനം. തൃശ്ശൂരിലെ മാതൃഭൂമി ബുക്സ്റ്റാളിൽ സംവിധായകരായ സത്യൻ അന്തിക്കാടും, പ്രിയദർശനും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും ചടങ്ങിൽ പങ്കെടുക്കും. കവിയത്രി റോസ്മേരി പരിഭാഷപ്പെടുത്തിയ പുസ്തകം പുറത്തിറക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
എന്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ‘Grains of Stardust’ എന്ന കവിതാസമാഹാരത്തിന്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ’ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന ഈ സമാഹാരം, എന്റെ ആത്മ മിത്രങ്ങളും എന്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്സ്റ്റാളിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!
Comments