പ്രഖ്യാപനം മുതൽക്കെ ആരാധകർ കാത്തിരിക്കുന്ന തലൈവർ ചിത്രമാണ് ‘ജയിലർ’. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാറാണ് സിനിമ ഒരുക്കുന്നത്. ഇപ്പോൾ ആരാധകർക്ക് ആവേശം ഇരട്ടിയാക്കി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രജനീകാന്തിന്റെ 169-ാമത് ചിത്രമാണ് ജയിലർ.
പുറത്തുവിട്ട പോസ്റ്ററിൽ കണ്ണുകളിൽ ശൗര്യം നിറഞ്ഞ രജനികാന്തിനെയാണ് കാണാൻ സാധിക്കുന്നത്. കൈകൾ പിന്നിൽ കെട്ടി നെഞ്ചുവിരിച്ച് ദേഷ്യത്തോടെ പോസ്റ്ററിൽ തലൈവരെ കാണാം. ജൂൺ 17-ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നു മുതൽ ആരംഭിക്കും. ‘അണ്ണാത്തെ’യ്‌ക്ക് ശേഷം തിയറ്ററിൽ എത്താൻ പോകുന്ന രജനികാന്ത് ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ്കുമാറിന്റെ ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.
ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായി പുറത്തിറക്കുന്ന സിനിമ നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. ചിത്രത്തിൽ വലിയ ഒരു നാരനിര തന്നെ ഉണ്ടായിരിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെപ്പറ്റി അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ നെൽസൺ ദിലീപ്കുമാർ തന്നെയാണ്. അനിരുദ്ധ് രവിചന്ദർ സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.
Comments