ബെർലിൻ:പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ട്രെയിൻ അവതരിപ്പിച്ച് ജർമനി. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ നിർമ്മിത പാസഞ്ചർ ട്രെയിനാണ് ഇത്.
വൈദ്യുതീകരിക്കാത്ത റെയിൽവേ ട്രാക്കുകളിൽ ഓടിയിരുന്ന 15 ഡീസൽ ട്രെയിനുകളാണ് മാറ്റി ഹൈഡ്രജൻ ട്രെയിനാക്കിയത്. 92 മില്യൺ ഡോളർ മുതൽ മുടക്കിലാണ് പദ്ധതി അവതരിപ്പിച്ചത്. പാസഞ്ചർ ട്രെയിൻ വടക്കൻ പട്ടണങ്ങളായ കുക്സ്ഹാവൻ, ബ്രെമർഹാവൻ, ബ്രെമർവോർഡെ, ബക്സ്റ്റെഹുഡ് എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിക്കും.
ഇവയിൽ 14 ട്രെയിനുകൾ ഹൈഡ്രജൻ ഇന്ധന നിർമ്മിതമായ സെല്ലുകൾ ഉപയോഗിച്ച് വൈദ്യുതോർജം നിർമ്മിച്ചാണ് എഞ്ചിനുകളിൽ ഉപയോഗിക്കുന്നത്. പദ്ധതി വഴി ലോവർ സാക്സോണി മേഖലയുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനാകുമെന്ന് സംസ്ഥാന ഗവർണർ സ്റ്റീഫൻ വെയിൽ വ്യക്തമാക്കി.
മലിനീകരണ രഹിതമായ ട്രെയിനുകളുടെ എക്സ്ഹോസ്റ്റിൽ നിന്ന് നീരാവിയും ഘനീഭവിച്ച വെള്ളവും മാത്രമാണ് പുറന്തള്ളപ്പെടുന്നത്. ഒരു ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രണ്ട് ഇന്ധന പമ്പുകൾ, ആറ് ഹൈഡ്രജൻ കംപ്രസ്സറുകൾ, 64 ഉയർന്ന മർദ്ദത്തിലുള്ള സംഭരണ ടാങ്കുകൾ എന്നിവ ഫില്ലിംഗ് സ്റ്റേഷനിലുണ്ടാകും.
Comments