ന്യൂഡൽഹി : മലേഷ്യൻ കടലിൽ കാണാതായ 3 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരെ രക്ഷപ്പെടുത്തി. ഇന്ത്യൻ തീരസംരക്ഷണ സേനയുടെ മികച്ച ഏകോപനത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററുമായി ചേർന്നാണ് തീരസംരക്ഷണ സേന ഇവരെ രക്ഷപ്പെടുത്തിയത്. കലാവസ്ഥാ വ്യതിയാനവും അപകട സാധ്യതയും കണക്കിലെടുത്ത് വിവരം ലഭിച്ച ഉടൻ തന്നെ രക്ഷാ പ്രവർത്തനത്തിനായുള്ള നടപടികൾ അധികൃതർ ആരംഭിക്കുകയായിരുന്നു.
എംടി വോറയെന്ന ടാങ്കറിൽ നിന്നാണ് മൂന്ന് ഇന്ത്യക്കാരെ കാണാനില്ലെന്ന വിവരം വ്യാഴാഴ്ച വൈകീട്ടോടെ എംആർസിസി മുംബൈയ്‌ക്ക് ലഭിച്ചത്. തുടർന്ന് സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ എസ്എആർ കോർഡിനേറ്റിംഗ് ഏജൻസികളുമായി എംആർസിസി രക്ഷപ്രവർത്തനം ആരംഭിക്കുകയായിരുന്നു. രക്ഷപെടുത്തിയ ഇന്ത്യക്കാരെ തുടർ നടപടികൾക്കായി മലേഷ്യയിലേക്ക് വിട്ടതായി അധികൃതർ അറിയിച്ചു.
” നിരന്തരമായ പരിശ്രമത്തിലൂടെ ഇന്നലെ കാണാതായവരെ കണ്ടെത്തി. യാത്രക്കിടെ ഇവർ സഞ്ചരിച്ച ടാങ്കറിന്റെ ഇന്ധനം തീർന്നു പോവുകയായിരുന്നു. 3 ഇന്ത്യക്കാർ ഇൾപ്പെടെ 16 പേരെയാണ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്.” തീരസംരക്ഷണ സേന പ്രസ്താവനയിൽ പറഞ്ഞു.















