ന്യൂഡൽഹി: കൊൽക്കത്തയിലെ ദുർഗാ പൂജ യുനെസ്‌കോയുടെ മാനവികതയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചതിന്റെ ആഘോഷം സംഘടിപ്പിച്ച് ജനങ്ങൾ. കഴിഞ്ഞ ഡിസംബറിലാണ് ദുർഗ പൂജയ്‌ക്ക് ഈ പദവി ലഭിച്ചത്. ഇതിന്റെ അംഗീകാരപത്രം യുണസ്‌കോ അധികൃതർ രാജ്യ തലസ്ഥാനത്ത് സമർപ്പിച്ചു. യുനെസ്‌കോയുടെ കൺവെൻഷൻ സെക്രട്ടറി ടിം കർട്ടിസ്, ന്യൂഡൽഹിയിലെ യുനെസ്‌കോ ഓഫീസിന്റെ ഡയറക്ടറും പ്രതിനിധിയുമായ എറിക് ഫാൾട്ട് എന്നിവർ നാഷണൽ മ്യൂസിയത്തിൽ നടന്ന ചടങ്ങിലാണ് അംഗീകാരപത്രിക സമർപ്പിച്ചത്. ഇതോടെ യുനെസ്‌കോയുടെ പട്ടികയിൽ ഇടം പിടിക്കുന്ന ഇന്ത്യയിലെ 14-ാമത്തെ പൈതൃകമാണ് ദുർഗാ പൂജ.
പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും വ്യക്തികളെയും സ്ത്രീകളെയും പങ്കാളികളാക്കുന്ന ദുർഗാപൂജയെ യുനെസ്‌കോയുടെ കമ്മിറ്റി അഭിനന്ദിച്ചു.ഇന്ത്യയിലെ പോലെ അഭിമാനകരമായ പാരമ്പര്യങ്ങൾ ലോകത്ത് മറ്റൊരിടത്തും ഇല്ലെന്ന് ഫാൾട്ട് പറഞ്ഞു. അദൃശ്യമായ സാംസ്‌കാരിക പൈതൃക സമ്പ്രദായങ്ങളിൽ പലതിനും സംരക്ഷണം ആവശ്യമാണ്. അതിനായി കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതു വരെ 14 പദവികളാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്.യോഗ, വേദമന്ത്രണം, ലഡാക്കിലെ ബുദ്ധമന്ത്രണം, ചൗ നൃത്തം, രാംലീല, നവ്റോസ്, കുംഭമേള എന്നിവയും നേരത്തെ യുണസ്‌കോയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ ഗർബയും ഐസിഎച്ച് പദവി ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഐസിഎച്ച് കൺവെൻഷനിൽ അടുത്ത നാല് വർഷത്തേക്ക് ഇന്ത്യയെ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ സുപ്രധാന സമയമാണിതെന്നും ശരിയായി വിനിയോഗിക്കണമെന്നും കൺവെൻഷൻ സെക്രട്ടറി കർട്ടിസ് പറഞ്ഞു. പൈതൃകം സംരക്ഷിക്കുന്നതിന്റെ മികച്ച മാർഗങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വർക്ക്‌ഷോപ്പുകൾ ആരംഭിക്കുമെന്ന് ചടങ്ങിൽ തീരുമാനമെടുത്തു. സാംസ്‌കാരിക മന്ത്രാലയത്തിനാകും ഇതിന്റെ ചുമതല.















