ശ്രീനഗർ: ഗുലാം നബി ആസാദ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ചതിന് പിന്നാലെ കോൺഗ്രസ്സിൽ വൻ കൊഴിഞ്ഞു പോക്ക്. ഗുലാം നബി ആസാദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജമ്മു കശ്മീരിലെ നിരവധി സർവ്വകലാശാലകളിൽ നിന്നും എൻ.എസ്.യു.ഐ നേതാക്കളടക്കം 36 പേർ രാജി വെച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അനിരുദ്ധ് റെയ്നയും ,സംസ്ഥാന ജനറൽ സെക്രട്ടറി മണിക് ശർമ്മയും എൻ.എസ്.യു.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെച്ചു. ആസാദിന് പിന്തുണ നൽകി ജമ്മു കശ്മീരിലെ കോൺഗ്രസ്സ് ഘടകം കൂട്ടത്തോടെ കൊഴിഞ്ഞു പോയതിന് പിന്നാലെയാണ് വിദ്യാർത്ഥി നേതാക്കളടക്കമുള്ളവരുടെ രാജി.
കോൺഗ്രസ്സ് വിട്ട് സ്വതന്ത്രമായി പാർട്ടി രൂപീകരിക്കാൻ തയ്യാറെടുക്കുന്ന ഗുലാം നബി ആസാദിന് വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സ് ഓരോ ദിവസം ചെല്ലുന്തോറും പ്രതിസന്ധി നേരിടുകയാണെന്ന് രാജി വെച്ച പല നേതാക്കളും പറയുന്നു. മുങ്ങുന്ന കപ്പലിൽ ആരെങ്കിലും തുടരാൻ തയ്യാറാകുമോ എന്ന അഭിപ്രായവും നേതാക്കളിൽ നിന്നും ഉയരുന്നുണ്ട്.
Comments