ഇടുക്കി : ഏലത്തോട്ടത്തിൽ കുരങ്ങുകളെ ഓടിക്കാൻ കാവൽ നിൽക്കുന്നത് ചൈനീസ് പാമ്പുകൾ. ഇടുക്കി ഉടുമ്പൻചോലയിലെ സ്വകാര്യ തോട്ടത്തിലാണ് സംഭവം. തോട്ടത്തിലെ ജീവനക്കാരനായ ബിജുവാണ് കുരങ്ങുകളെ ഓടിക്കാൻ വ്യത്യസ്തമായൊരു മാർഗ്ഗം കണ്ട് പിടിച്ചത്.
തോട്ടത്തിൽ എത്തുന്ന കുരങ്ങുകൾ വ്യാപകമായി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ ഇവയെ ഓടിക്കാനുള്ള മാർഗ്ഗം അന്വേഷിക്കുകയായിരുന്നു ബിജു. ഈ സമയത്താണ് തോട്ടത്തിൽ ചത്ത് കിടന്ന പാമ്പിനെ കണ്ട് കുരങ്ങന്മാർ ഓടുന്നത് ഇയാൾ കണ്ടത്. പിന്നീടാണ് പരീക്ഷണത്തിനായി ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് റബ്ബർ പാമ്പ് വാങ്ങി കുരങ്ങ് വരുന്ന വഴിയിൽ കെട്ടിവച്ചത്.
സംഭവം വിജയിച്ചതോടെ തോട്ടത്തിൽ ബിജു കൂടുതൽ പാമ്പുകളെ സ്ഥാപിച്ചു. നിലവിൽ ഇരുനൂറോളം ചൈനീസ് പാമ്പുകളാണ് തോട്ടത്തിൽ ഇടം നേടിയിരിക്കുന്നത്. ചൂണ്ട നൂല് ഉപയോഗിച്ച് മരത്തിലും ഏലച്ചെടികളിലും പാമ്പുകളെ വച്ചിട്ടുണ്ട്.
തോട്ടത്തിൽ ജോലിക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളികൾ റബ്ബർ പാമ്പിനെ അടിച്ച് വീഴ്ത്തിയ സംഭവും ഉണ്ടായിട്ടുണ്ട്.കൈനിറയെ പാമ്പുകളുമായി വരുന്ന ബിജു ഇന്ന് പ്രദേശത്തെ ആളുകളുടെ സ്ഥിരം കാഴ്ചയാണ്. ബിജുവിന്റെ ഈ പരീക്ഷണം സമൂഹിക മാദ്ധ്യമങ്ങളിലും നിലവിൽ വൈറലായി മാറിയിട്ടുണ്ട്. കൂടാതെ കുരങ്ങുകളുടെ ശല്യം അകറ്റാൻ മറ്റ് തോട്ട ഉടമകളും ബിജുവിന്റെ മാർഗ്ഗം തന്നെ സ്വീകരിക്കുകയാണ്.
Comments