ഇടുക്കി: ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയ ഇ എസ് ബിജിമോൾക്കെതിരെ വിശദീകരണം തേടും. സിപിഐ ഇടുക്കി ജില്ലാ കൗൺസിലാണ് മുൻ എം എൽ എക്കെതിരെ നിലപാടെടുത്തിരിക്കുന്നത്. ഏതു സാഹചര്യത്തിലാണ് ബിജി മോൾ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വിശദീകരിക്കണമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്ന വിഷയത്തിൽ ജില്ലാ നേതൃത്വം തന്നെ അട്ടിമറിച്ചെന്നും സ്ത്രീകൾക്ക് പരിഗണന നൽകാൻ നേതൃത്വം തയ്യാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി ബിജി മോൾ ഫേസ്ബുക്കിൽ നേതാക്കൾക്കെതിരെ കുറിപ്പെഴുതിയിരുന്നു. പാർട്ടിയിലെ പുരുഷാധിപത്യത്തെ തുറന്നു കാണിക്കുകയും നേതാക്കൾക്കെതിരെ പേരെടുത്ത് പറയാതെ രൂക്ഷ വിമർശനം നടത്തുകയും ബിജി മോൾ ചെയ്തിരുന്നു
ബിജിമോളുടെ ധിക്കാരപരമായ പ്രസ്താവനയാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. പാർട്ടിയ്ക്കെതിരെ അച്ചടക്ക ലംഘനം നടത്തിയ ബിജിമോളുടെ പ്രസ്താവനക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെ ഉള്ളവർ രംഗത്ത് വന്നിരുന്നു. അനാവശ്യ പ്രസ്താവന നടത്തിയ ബിജിമോളോട് പാർട്ടിയുടെ ജില്ലാ ഘടകം സംസാരിക്കുമെന്നും വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments