കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ തങ്കം ഒളിച്ച് കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നുള്ള വിമാനത്തിൽ ഇന്ന് പുലർച്ചെ നാട്ടിലെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. മണ്ണാർക്കാട് സ്വദേശിയാണ് പിടിയിലായത്.
നാല് ക്യാപ്സൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 919 ഗ്രാം തനി തങ്കമാണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജ് പരിശോധനയ്ക്ക് ശേഷം സ്കാനറിലൂടെയുള്ള പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നാണ് യാത്രക്കാരനെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്.
തുടർന്ന് മലദ്വാരത്തിൽ ഒളിപ്പിച്ച നാല് ക്യാപ്സ്യൂളുകൾ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു. യാത്രക്കാരനിൽ നിന്നും തങ്കം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ എത്തിയ ആളെയും കസ്റ്റംസ് പിടികൂടി.
Comments