ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നിർമ്മാതാവ് ആന്റോ ജോസഫ്. പുതിയ സിനിമ പമ്പയ്ക്ക് മീതേ പതിനെട്ടു മലകൾക്കും അധിപനായി കാടകം വാണരുളുന്ന കലിയുഗവരദനായ അയ്യപ്പനെക്കുറിച്ചാണെന്ന് ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. ഒരു മാളികപ്പുറത്തിന്റെ മനസ്സിലൂടെ പ്രത്യക്ഷനാകുന്ന വില്ലാളിവീരനെക്കുറിച്ചുള്ള സിനിമയുടെ പേരും ‘മാളികപ്പുറം’ എന്നാണ്.
ഒരു പുണ്യ നിയോഗമായാണ് ഇതിനെ കാണുന്നത്. വേണുകുന്നപ്പള്ളിയുടെ കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയുമാണ് നിർമാണത്തിൽ പങ്കാളികളാകുന്നത്. പ്രിയ വേണുവും നീറ്റ പിന്റോയും ചേർന്ന് ചിത്രം നിർമിക്കുന്നു. ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം വിഷ്ണു ശശി ശങ്കറാണ്. രചന അഭിലാഷ് പിള്ള.
ചിത്രത്തിന്റെ പൂജ അയ്യനെക്കുറിച്ചുള്ള കഥകളുറങ്ങുന്ന ദിവ്യസന്നിധിയായ എരുമേലി ശ്രീ. ധർമശാസ്താ ക്ഷേത്രത്തിൽ വെച്ച് ഇന്ന് രാവിലെ നടന്നുവെന്ന് ആന്റോ ജോസഫ് പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് .കെ.അനന്തഗോപൻ, ആർ.എസ്.എസ്. കേരള പ്രാന്തപ്രചാരക് എസ്.സുദർശൻ, എരുമേലി വാവർ മസ്ജിദ് (നൈനാർ ജുമാമസ്ജിദ് ) സെക്രട്ടറി സി.എ.എം.കരീം, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ.രമേഷ് പിഷാരടി, സി.ജി.രാജഗോപാൽ, കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ ഷമീർ, എൻ.എം.ബാദുഷ തുടങ്ങിയവർ പങ്കെടുത്തു.
സ്വാമി അയ്യപ്പനിലേക്ക് മനസ്സുകൊണ്ടുള്ള ഈ തീർഥയാത്രയിൽ പ്രാർഥനകളും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും ആന്റോ ജോസഫ് കൂട്ടിച്ചേർത്തു.
Comments