അസുഖങ്ങൾ അലട്ടുന്നതിനാൽ കുറച്ചു കാലങ്ങളായി സിനിമാ രംഗത്തു നിന്നും മാറി നിൽക്കുകയാണ് നടൻ ശ്രീനിവാസൻ. മലയാളികളെ സംബന്ധിച്ചിടത്തോളം ശ്രീനിവാസന്റെ വിട്ടുനിൽക്കൽ വലിയ ദുഃഖമാണ്. തമാശകളും പൊട്ടിച്ചിരികളുമായി പല സദസ്സിലെയും നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. ശസ്ത്രക്രിയ കഴിഞ്ഞ് ഏറെ നാളായി വിശ്രമത്തിൽ കഴിയുന്ന ശ്രീനിവാസൻ അടുത്തിടെ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ജീവിതത്തിലേയ്‌ക്ക് ചുവടുവെച്ച് പൂർണ്ണ ആരോഗ്യവാനായി പ്രിയപ്പെട്ട നടൻ തിരിച്ചെത്തുന്ന കാഴ്ചയ്‌ക്കായാണ് മലയാളികൾ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ശ്രീനിവാസന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയായി അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. നടി സ്മിനു സിജോയാണ് ശ്രീനിവാസന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാൻ കൂടിയാണ് ഫോട്ടോ പോസ്റ്റ് ചെയ്യുന്നതെന്ന് സ്മിനു സിജോ ഫെയ്സ്ബുക്കിൽ കുറിച്ചു. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്. ധ്യാനിന്റെ തമാശകൾ കേട്ട് ശ്രീനിയേട്ടൻ പൊട്ടി ചിരിക്കുന്നുണ്ടെന്നുമാണ് നടി പറഞ്ഞത്. സ്മിനു സിജോയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം,
ഈ സന്തോഷം എന്നും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാൻ കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്. ഇന്ന് ഞാൻ ശ്രീനിയേട്ടന്റെ വീട്ടിൽ പോയി. സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാൻ്റിയും, കണ്ട ഉടനെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും. ധ്യാനിന്റെ ഇന്റർവ്യൂ തമാശകൾ പറയുമ്പോൾ മതി മറന്നു ചിരിക്കുന്ന സ്നേഹ നിധികളായ മാതാപിക്കളുടെ സന്തോഷവും, ധ്യാൻ ഇൻറ്റർവ്യൂവിൽ പറയാൻ മറന്നതോ അതോ അടുത്ത ഇന്റർവ്യുവിൽ പറയാൻ മാറ്റിവച്ചതോ. അറിയില്ല.
എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങൽ ഏൽപ്പിക്കാതെ ധ്യാൻമോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്‌ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും, ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാൻ്റിയുടെയും കൂടെ ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്. പൂർണ്ണ ആരോഗ്യവാനായി എഴുതാൻ പോവുന്ന മനസ്സിലുള്ള അടുത്ത തിരക്കഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം, ആത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്.
Comments